Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തന്നെ തുടരുമെന്ന് ക്ലബ് വൈസ് പ്രസിഡന്റ് പാവേൽ നെദ്വെദ്

Sreejith N
Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വരുന്ന സീസണിലും യുവന്റസിനൊപ്പം തുടരുമെന്ന് ക്ലബ് വൈസ് പ്രസിഡന്റ് പാവേൽ നെദ്വെദ്. കഴിഞ്ഞ സീസണിൽ വ്യക്തിപരമായി മികച്ച പ്രകടനം നടത്തിയെങ്കിലും യുവന്റസ് പതറിയതിനെ തുടർന്ന് താരം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് താരം ചേക്കേറുമെന്ന റിപ്പോർട്ടുകളാണ് സജീവമായിരുന്നത്.

യൂറോ കപ്പിൽ നിന്നും പോർച്ചുഗൽ നേരത്തെ പുറത്തായെങ്കിലും ടൂർണമെന്റിലെ ടോപ് സ്കോററായ റൊണാൾഡോ അതിനു ശേഷം അവധി ദിവസങ്ങൾ ആസ്വദിച്ചു കൊണ്ടിരിക്കയാണ്. അതവസാനിച്ചതിനു ശേഷം ഈ മാസം തന്നെ താരം ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നും സീസണിൽ യുവന്റസിനൊപ്പം തുടരുമെന്നും മുൻ നെദ്വെദ് പറഞ്ഞു.

"റൊണാൾഡോയോട് ജൂലൈ ഇരുപത്തിയാറിനാണ് ടീമിനൊപ്പം ചേരാൻ നിർദ്ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച തിരിച്ചെത്തുന്ന താരം ഞങ്ങൾക്കൊപ്പം തന്നെ തുടരും." ഇന്നലെ നടന്ന പ്രീ സീസൺ മത്സരത്തിൽ സെസേനക്കെതിരെ യുവന്റസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയതിനു ശേഷം മാധ്യമങ്ങളോട് നെദ്വെദ് പറഞ്ഞു.

റൊണാൾഡോ മാത്രമല്ല സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസ് വിടാൻ സാധ്യതയുള്ള താരമായി നിൽക്കുന്നത്. കരാർ അവസാനിച്ച് ഫ്രീ ഏജന്റായ കില്ലിനിക്ക് പുതിയ കരാർ നൽകാൻ ക്ലബ് ഇതു വരെ തയ്യാറായിട്ടില്ലെന്നതിനു പുറമെ ഒരു വർഷം മാത്രം ക്ലബിൽ ബാക്കിയുള്ള ഡിബാലയുടെ കരാർ പുതുക്കാനും യുവന്റസിന് കഴിഞ്ഞിട്ടില്ല.

എന്നാൽ ഈ രണ്ടു താരങ്ങളും അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപേ പുതിയ കരാർ ഒപ്പിടുമെന്ന നെദ്വെദ് ഉറപ്പിച്ചു പറഞ്ഞു. ഡിബാലയുടെ ഏജന്റ് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ടുറിനിൽ എത്തുമെന്നും കില്ലിനിയുടെ കരാർ താരത്തിന്റെ അവധിക്കാലം കഴിഞ്ഞതിനു ശേഷം പുതുക്കി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

facebooktwitterreddit