ഫ്രാങ്ക് ലംപാർഡ് പിന്മാറി; ന്യൂകാസിൽ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി പൗലോ ഫോൻസെക്ക ചുമതലയേൽക്കുമെന്ന് സൂചന

പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി മുൻ എസ് റോമ ബോസ് പൗലോ ഫോൻസെക്ക ചുമതലയേൽക്കുമെന്ന് സൂചന. നേരത്തെ സ്റ്റീവ് ബ്രൂസ് പരിശീലക സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയ ന്യൂകാസിൽ മുൻ ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് അടക്കമുള്ള പ്രമുഖരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
ഇതിൽ ലംപാർഡിനെ തങ്ങളുടെ പരിശീലകനായി കൊണ്ടു വരാൻ ന്യൂകാസിൽ യുണൈറ്റഡിന്റെ സഹ ഉടമയായ ജാമി റൂബൻ വലിയ രീതിയിൽ താല്പര്യപ്പെട്ടിരുന്നുവെങ്കിലും ലംപാർഡ് ഇതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് സൂചന. ഇതോടെയാണ് ന്യൂകാസിലിന്റെ ശ്രദ്ധ പൂർണമായും ഫോൻസെക്കയിലേക്ക് മാറിയത്.
പ്രതിവർഷം 6 മില്ല്യൺ പൗണ്ടായിരിക്കും ന്യൂകാസിൽ യുണൈറ്റഡിന്റെ പരിശീലകനാകുന്ന പൗലോ ഫോൻസെക്കക്ക് പ്രതിഫലമായി ലഭിക്കുകയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഉടൻ തന്നെ ഫോൻസെക്ക ന്യൂകാസിലിന്റെ പരിശീലനായി പ്രഖ്യാപിക്കപ്പെട്ടാലും, ക്ലബ്ബിന്റെ സഹപരിശീലകനായ ഗ്രെയിം ജോൺസ് തന്നെയാകും അടുത്ത രണ്ട് മത്സരങ്ങളിലും ന്യൂകാസിലിനെ നിയന്ത്രിക്കുകയെന്നാണ് സൂചന.
EXCLUSIVE: Paulo Fonseca set for Newcastle job after Frank Lampard ends dispute between new owners | @MirrorDarren https://t.co/N7Bpj1G90T pic.twitter.com/KdbhnWRI37
— Mirror Football (@MirrorFootball) October 22, 2021
ന്യൂകാസിലുമായുള്ള അഭിമുഖത്തിൽ ഫോൻസെക്ക ക്ലബ്ബിന്റെ മതിപ്പ് പിടിച്ചു പറ്റിയെന്നും, താരത്തിന്റെ കളിശൈലി ന്യൂകാസിൽ അധികൃതരിൽ മതിപ്പ് ഉളവാക്കിയെന്നുമാണ് സൂചനകൾ. നിലവിൽ പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ താഴെത്തട്ടിൽ കിടക്കുന്ന ന്യൂകാസിലിന്റെ അവസ്ഥ മാറ്റിയെഴുതാൻ റോമിലുള്ള തന്റെ കുടുംബത്തെ വിട്ട് ക്ലബ്ബിനായി സ്വയം സമർപ്പിതനാവാൻ ഫോൻസെക്ക തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ 2005 ൽ പോർച്ചുഗീസ് ക്ലബ്ബായ എസ്ട്രലാ അമഡോറയുടെ യൂത്ത് ടീമിനെ കളി പഠിപ്പിച്ചു കൊണ്ട് പരിശീലക കരിയർ ആരംഭിച്ച ഫോൻസെക്ക പോർച്ചുഗീസ് സൂപ്പർ ക്ലബ്ബായ എഫ് സി പോർട്ടോയുടേയും, ഉക്രൈൻ സൂപ്പർ ക്ലബ്ബായ ഷക്തർ ഡോണെറ്റ്സ്കിന്റേയും പരിശീലകനായിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമക്കൊപ്പമായിരുന്നു ഏറ്റവും അവസാനം അദ്ദേഹം പ്രവർത്തിച്ചത്.