Football in Malayalam

യുവന്റസിന് ഡിബാലയെയും നഷ്‌ടമാകുന്നു, ഇറ്റാലിയൻ ക്ലബുമായി കരാർ പുതുക്കുന്നില്ലെന്നു തീരുമാനിച്ച് അർജന്റീനിയൻ താരം

Sreejith N
AS Roma v Juventus - Serie A
AS Roma v Juventus - Serie A / Giuseppe Bellini/GettyImages
facebooktwitterreddit

ഈ സീസൺ അവസാനിക്കുന്നതോടെ യുവന്റസുമായുള്ള കരാർ അവസാനിക്കുന്ന പൗളോ ഡിബാല അതു പുതുക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും കാര്യങ്ങളിൽ മാറ്റം വന്നുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം യുവന്റസുമായുള്ള കരാർ പുതുക്കുന്നില്ലെന്ന തീരുമാനം അർജന്റീനിയൻ താരം എടുത്തു കഴിഞ്ഞു.

ഇറ്റാലിയൻ ക്ലബായ പലർമോയിൽ നിന്നും 2015ൽ യുവന്റസിൽ എത്തിയതിനു ശേഷം ക്ലബിന്റെ പ്രധാനതാരമായി വളരാൻ ഡിബാലക്ക് കഴിഞ്ഞിരുന്നു. യുവന്റസിനു വേണ്ടി 196 മത്സരങ്ങളിൽ നിന്നും 78 ഗോളുകൾ നേടിയിട്ടുള്ള താരം അഞ്ചു സീരി എ കിരീടവിജയങ്ങളിലും ടീമിനൊപ്പം പങ്കാളിയായി. എന്നാൽ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ക്ലബുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് താരം യുവന്റസ് വിടാൻ തീരുമാനമെടുത്തത്.

കരാർ പുതുക്കുന്നില്ലെന്ന തീരുമാനം എടുത്തതോടെ ഈ സീസണു ശേഷം കരാർ അവസാനിക്കുന്ന എംബാപ്പെ, പോഗ്ബ എന്നീ സൂപ്പർതാരങ്ങളെപ്പോലെ ഡിബാലയും ഫ്രീ ഏജന്റായി മാറും. നിലവിൽ തന്നെ ഇറ്റലിക്ക് പുറത്തുള്ള ഏതു ടീമുമായും ട്രാൻസ്‌ഫർ ചർച്ചകൾ നടത്താൻ കഴിയുന്ന താരം അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്നാണു സ്‌പാനിഷ്‌ മാധ്യമമായ മാർക്ക വെളിപ്പെടുത്തിയത്.

ഡിബാലയെപ്പോലെ യൂറോപ്യൻ ഫുട്ബോളിൽ വളരെയധികം പരിചയസമ്പത്തുള്ള ഒരു താരം ഫ്രീ ഏജന്റായാൽ സ്വന്തമാക്കാൻ വമ്പൻ ക്ലബുകളെല്ലാം ഓഫർ നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവുമാണ് ഡിബാലയെ സ്വന്തമാക്കാൻ താൽപര്യമുള്ള ക്ലബുകളെങ്കിലും ഫ്രീ ഏജന്റാവുന്നതോടെ താരത്തിന് മികച്ച ഓഫറുമായി മറ്റു ക്ലബുകളും രംഗത്തു വരാൻ സാധ്യതയുണ്ട്.

അതേസമയം ഇക്കഴിഞ്ഞ സമ്മറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നഷ്‌ടമായ യുവന്റസിനു അടുത്ത സമ്മറിൽ ഡിബാലയെക്കൂടി നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാണ്. നിലവിൽ സീരി എയിൽ അഞ്ചാം സ്ഥാനത്തുള്ള യുവന്റസ് ലീഗിൽ തിരിച്ചു വരാൻ ശ്രമിച്ചു കൊണ്ടിരിക്കെയാണ് ടീമിലെ ഏറ്റവും മികച്ച താരം ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit