Juventus News

"ഒരുപാട് വർഷങ്ങൾ ഒരുമിച്ചുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു"- യുവന്റസ് ആരാധകരോട് വിടപറഞ്ഞ് ഡിബാല

Sreejith N
Paulo Dybala Confirms Juventus Exit
Paulo Dybala Confirms Juventus Exit / Nicolò Campo/GettyImages
facebooktwitterreddit

ലാസിയോയുമായുള്ള ലീഗ് മത്സരം ഇന്നു രാത്രി നടക്കാനിരിക്കെ യുവന്റസ് ആരാധകരോട് വിടപറഞ്ഞ് പൗളോ ഡിബാല. ഈ സീസണോടെ യുവന്റസ് കരാർ അവസാനിക്കാനിരിക്കുന്ന താരം ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ചാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരോട് ഹൃദയസ്‌പർശിയായ സന്ദേശവുമായി യാത്ര ചോദിച്ചത്.

"നിങ്ങളെ അനുമോദിക്കാനുള്ള ശരിയായ വാക്കുകൾ എനിക്ക് ലഭിക്കുന്നില്ല. ഒരുപാട് വർഷങ്ങളും ഒരുപാട് വികാരങ്ങളും ഒരുമിച്ച് ഉൾച്ചേർന്നിട്ടുണ്ട്. ഇനിയുമൊരുപാട് വർഷം ഒരുമിച്ചുണ്ടാകും എന്നാണു ഞാൻ കരുതിയത്. എന്നാൽ വിധി നമ്മളെ രണ്ടു വഴിയിലേക്ക് മാറ്റിയിരിക്കുന്നു."

"നിങ്ങൾ എനിക്ക് നൽകിയ അനുഭവങ്ങളും എല്ലാ മത്സരവും എല്ലാ ഗോളും ഞാൻ ഒരിക്കലും മറക്കില്ല. നിങ്ങളുണ്ടായതു കൊണ്ടാണ് ഞാൻ വളർന്നത്, ഞാൻ അരിഞ്ഞത്, ഞാൻ ജീവിച്ചത്, സ്വപ്‌നം കണ്ടത്. മാന്ത്രികതയുള്ള ഏഴു വർഷങ്ങളും പന്ത്രണ്ടു കിരീടങ്ങളും 115 ഗോളുകളും ആരും, ഒരിക്കലും നമ്മിൽ നിന്നും എടുത്തു മാറ്റുകയില്ല."

"ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിൽ എന്നെ പിന്തുണച്ചതിനു നന്ദി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ആദ്യവും അവസാനവും എനിക്കൊപ്പം നിന്നവർക്ക്, ആരാധകരോ ക്ലബിലുള്ളവരോ ആയിക്കൊള്ളട്ടെ, പരിശീലകനും സഹതാരങ്ങൾക്കും ക്ലബിലെ തൊഴിലാളികൾക്കും മാനേജർമാർക്കും എല്ലാവർക്കും ഞാൻ നന്ദി പറയുന്നു."

"ഈ ജേഴ്‌സിയും അതിനൊപ്പം നായകൻറെ ആംബാൻഡ്‌ അണിയുന്നതും എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷങ്ങളാണ്. അത് ഞാൻ എപ്പോഴെങ്കിലും എന്റെ കുട്ടികൾക്കും പേരക്കുട്ടികൾക്കും കാണിച്ചു കൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു."

"നാളെ ഈ ജേഴ്‌സിയിൽ എന്റെ അവസാനത്തെ മത്സരമായേക്കാം. അത് ആലോചിക്കാൻ പോലും പ്രയാസമാണ്, എന്നാൽ ഇത് അവസാനത്തെ യാത്രയയപ്പാണ്. അതൊരിക്കലും എളുപ്പമല്ല, പക്ഷെ ഞാൻ മൈതാനത്തേക്ക് ഒരു ചിരിയുടെയും തല ഉയർത്തിപ്പിടിച്ചും ഇറങ്ങും, ഞാൻ നിങ്ങൾക്കു വേണ്ടി എല്ലാം നൽകിയെന്ന ബോധ്യത്തോടെ തന്നെ." ഡിബാല കുറിച്ചു.

നേരത്തെ പ്രതിരോധതാരം കില്ലിനിയും ഈ സീസണോടെ യുവന്റസ് വിടുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. ഡിബാല ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഇന്റർ മിലാൻ താരത്തെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ടോട്ടനം, ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി എന്നീ ക്ളബുകൾക്കും ഡിബാലയിൽ താൽപര്യമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit