Football in Malayalam

ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം വെളിപ്പെടുത്തി ബ്രസീൽ സൂപ്പർ താരം പൗളീഞ്ഞോ

Gokul Manthara
Barcelona v Deportivo La Coruna - La Liga
Barcelona v Deportivo La Coruna - La Liga / Alex Caparros/Getty Images
facebooktwitterreddit

സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം വെളിപ്പെടുത്തി ബ്രസീലിയൻ മധ്യനിര താരം പൗളീഞ്ഞോ. 2017-18 സീസണിൽ മുൻപ് ബാഴ്സലോണക്കായി കളിച്ചിരുന്ന പൗളീഞ്ഞോ, തുടർന്ന് ചൈനീസ് ക്ലബ്ബായ ഗുവാംഗ്ഷു എവർഗ്രാൻഡെയിലേക്ക് ചേക്കേറുകയായിരുന്നു‌. അവർക്കൊപ്പമുള്ള‌ കരാർ അവസാനിച്ച് ഇപ്പോൾ ഫ്രീ ഏജന്റായതോടെയാണ് തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് അദ്ദേഹം മനസ് തുറന്നിരിക്കുന്നത്.‌

തനിക്ക് നന്നായി അറിയാവുന്ന ക്ലബ്ബാണ് ബാഴ്സലോണയെന്ന് പൗളീഞ്ഞോ പറയുന്നു. അവിസ്മരണീയമായ ഒരു വർഷമാണ് താൻ അവിടെ ചിലവഴിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, കോപ്പ ഡെൽ റേയും, ലാലീഗയും ക്ലബ്ബിനൊപ്പം നേടിയെന്നും ഓർമ്മിപ്പിച്ചു. ബാഴ്സലോണയിൽ ഒരിക്കൽക്കൂടി അവസരം ലഭിക്കുകയാണെങ്കിൽ തനിക്കും കുടുംബത്തിനും അത് വളരെ നല്ല കാര്യമായിരിക്കുമെന്നും, അങ്ങോട്ടേക്ക് മടങ്ങിയെത്താനായാൽ താൻ വളരെയധികം സന്തോഷിക്കുമെന്നും സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയോട് സംസാരിക്കവെ താരം കൂട്ടിച്ചേർത്തു.

"ബാഴ്സലോണയാണ് കരാറുമായി വിളിക്കുന്നതെങ്കിൽ പണമോ, കരാറിന്റെ കാലാവധിയോ എനിക്ക് ഒരു തരത്തിലും പ്രശ്നമാകില്ല. ഞാൻ ഒരിക്കലും കരിയറിനേക്കാൾ പ്രാധാന്യം പണത്തിന് നൽകിയിട്ടില്ല. അത് കൊണ്ടു തന്നെ അങ്ങോട്ടേക്ക് (ബാഴ്സലോണയിലേക്ക്)തിരിച്ചു പോകുന്നതിന് പണം ഒരു പ്രശ്നമാകില്ല. മാത്രമല്ല ഇത്തവണ ക്ലബ്ബ് എനിക്കായി ട്രാൻസ്ഫർ ഫീയും നൽകേണ്ടതില്ല.'' പൗളീഞ്ഞോ പറഞ്ഞു നിർത്തി.

അതേ സമയം 2017 ൽ ബാഴ്സലോണയുടെ സർപ്രൈസ് സൈനിംഗായിരുന്നു പൗളീഞ്ഞോ. ഒരു സീസൺ മാത്രം ക്ലബ്ബിനായി കളിച്ച അദ്ദേഹം 49 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 3 അസിസ്റ്റുകളുമാണ് അവിടെ സ്വന്തമാക്കിയത്. കറ്റാലൻ ക്ലബ്ബിനൊപ്പം ലാലീഗ, കോപ്പ ഡെൽ റേ കിരീടങ്ങളും അദ്ദേഹം നേടിയിരുന്നു.

facebooktwitterreddit