'സർക്കസ് തുടങ്ങട്ടെ' - റൊണാൾഡോയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തെ കുറിച്ച് പോൾ സ്കോൾസ്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തെ കുറിച്ച് പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ്. അവധിക്കാലത്തിന് ശേഷം തിങ്കളാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിന് എത്തേണ്ടിയിരുന്ന റൊണാൾഡോ ഇത് വരെയും ടീമിനൊപ്പം ചേർന്നിട്ടില്ല.
അനുയോജ്യമായ ഓഫറുകൾ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത റൊണാൾഡോ കുടുംബപരമായ കാരണങ്ങൾ കൊണ്ട് പരിശീലനത്തിന് എത്താൻ കഴിയില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിച്ചത്. താരത്തിന്റെ വിശദീകരണം മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിക്കുകയും ചെയ്തു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും (ഇന്നും) പരിശീലനത്തിന് എത്താതിരുന്ന റൊണാൾഡോ, ക്ലബിന്റെ പ്രീ-സീസൺ ടൂറിന്റെ ഭാഗമാകുമോ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉറപ്പില്ലെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോട് "സർക്കസ് തുടങ്ങട്ടെ" എന്നായിരുന്നു സ്കോൾസിന്റെ പ്രതികരണം.
"Let the circus begin 🎪"https://t.co/YwTABbH2fF
— FootballJOE (@FootballJOE) July 6, 2022
അതേ സമയം, തായ്ലൻഡിലും ഓസ്ട്രേലിയയിലുമായി നടക്കുന്ന പ്രീ-സീസൺ മത്സരങ്ങൾക്കായി വെള്ളിയാഴ്ചയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറപ്പെടുന്നത്. തായ്ലൻഡിൽ വെച്ച് ജൂലൈ 12ന് ലിവർപൂളിനെ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ഓസ്ട്രേലിയയിലെ മെൽബണിൽ വെച്ച് ജൂലൈ 15ന് മെൽബൺ വിക്ടറിയെയും, 19ന് ക്രിസ്റ്റൽ പാലസിനെയും, പെർത്തിൽ വെച്ച് ജൂലൈ 23ന് ആസ്റ്റൺ വില്ലയെയും നേരിടും.