ക്ലബ് മാറ്റം, നിലപാട് വ്യക്തമാക്കാതെ പോഗ്ബ

അടുത്ത സീസണില്‍ ക്ലബ് മാറുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ. സീസണ് അവസാനത്തോടെ യുണൈറ്റഡില്‍ കരാര്‍ അവസാനിക്കുന്ന പോഗ്ബക്ക് വേണ്ടി യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ രംഗത്തുണ്ട്.
എന്നാല്‍ താരം യുണൈറ്റഡില്‍ തുടരുമോ അതോ ക്ലബ് വിടുമോ എന്ന കാര്യം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഈ സീസണോടെ കരാര്‍ അവസാനിക്കുന്നതിനാല്‍ യുണൈറ്റഡ് താരത്തെ ടീമില്‍ നിലനിര്‍ത്താനും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, ഫ്രഞ്ച് കരുത്തരായ പി.എസ്.ജി, താരത്തിന്റെ മുന്‍ ക്ലബായ യുവന്റസ് എന്നിവരും പോഗ്ബയെ സ്വന്തമാക്കുന്നതിന് വേണ്ടി രംഗത്തുണ്ട്.
താരം ഏറെക്കുറെ റയല്‍ മാഡ്രിഡിനോട് അടുത്തിട്ടുണ്ടെന്ന് ഈയിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ മൂന്ന് ഫ്രഞ്ച് താരങ്ങളെ സ്വന്തമാക്കുക എന്നതാണ് റയല്‍ മാഡ്രിഡിന്റെ ഈ സീസണിലെ ലക്ഷ്യം. പോള്‍ പോഗ്ബ, കെയ്ലിയന് എംബാപ്പെ, എഡ്വാര്‍ഡോ കാമവിഗ എന്നിവരെയാണ് റയല്‍ ഈ സീസണില്‍ ലക്ഷ്യമിട്ടിരുന്നത്. അതില്‍ കാമാവിഗയെ റയല്‍ മാഡ്രിഡ് നേരത്തെ സ്വന്തമാക്കി.
ഇനി എംബാപ്പെ, പോഗ്ബ എന്നിവര്‍ക്ക് വേണ്ടിയുള്ള ശക്തമായ ശ്രമത്തിലാണ് റയല്‍. അതിനാല്‍ പോഗ്ബ സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ഏറെ നാളായി പരുക്കേറ്റ് വിശ്രമത്തിലായിരുന്ന പോഗ്ബ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി നാലിന് നടക്കുന്ന എഫ്.എ കപ്പിന്റെ നലാം റൗണ്ട് മത്സരത്തില്‍ യുണൈറ്റഡ് നിരയില്‍ പോഗ്ബ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.