Football in Malayalam

വരാനെയും സാഞ്ചോയുമെത്തിയതോടെ പോഗ്ബ മാറി ചിന്തിക്കുന്നു, താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും

Sreejith N
Manchester United v Fulham - Premier League
Manchester United v Fulham - Premier League / Laurence Griffiths/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള പദ്ധതികൾ പോഗ്ബ വേണ്ടെന്നു വെച്ചുവെന്നു റിപ്പോർട്ടുകൾ. അടുത്ത സീസണിൽ കിരീടങ്ങൾ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ് പ്രതിരോധതാരം റാഫേൽ വരാനെ, ബൊറൂസിയ ഡോർട്മുണ്ട് മുന്നേറ്റനിര താരം ജാഡൻ സാഞ്ചോ എന്നിവരെ ടീമിന്റെ ഭാഗമാക്കിയതോടെയാണ് പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള പദ്ധതികളിൽ നിന്നും പിൻവാങ്ങിയതെന്ന് സ്കൈ സ്പോർട്സാണ് റിപ്പോർട്ടു ചെയ്‌തത്‌.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്നെ തുടരാൻ തീരുമാനിച്ചുവെങ്കിലും ഒരു വർഷം മാത്രം ബാക്കി നിൽക്കുന്ന തന്റെ കരാർ പുതുക്കാൻ പോഗ്ബ തയ്യാറായേക്കില്ല. യുണൈറ്റഡിനോട് സ്നേഹമുണ്ടെങ്കിലും ഇരുപത്തിയെട്ടു വയസുള്ള താരത്തിന് ഏറ്റവുമധികം പ്രതിഫലം നൽകുന്ന അവസാനത്തെ കരാറായിരിക്കും അടുത്തത് എന്നതിനാൽ അതേതു ക്ലബിനൊപ്പമാണ് ഒപ്പിടേണ്ടതെന്ന് അടുത്ത സീസണു ശേഷമേ പോഗ്ബ തീരുമാനിക്കൂവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷെയറുമായി നല്ല ബന്ധമുള്ള പോഗ്ബയെ നിലനിർത്താൻ തന്നെയാണ് അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും ക്ലബിനൊപ്പം തുടരുന്ന കാര്യത്തിൽ ഫ്രഞ്ച് മിഡ്‌ഫീൽഡർ തീരുമാനമൊന്നും എടുത്തിരുന്നില്ല. എന്നാൽ ലോകോത്തര നിലവാരമുള്ള താരങ്ങളായ സാഞ്ചോയും വരാനെയും ടീമിലെത്തിയതോടെ ഒരു സീസൺ കൂടി ടീമിനൊപ്പം തുടർന്ന് കഴിഞ്ഞ സീസണിൽ കൈവിട്ട നേട്ടങ്ങൾ സ്വന്തമാക്കാനുള്ള ശ്രമം നടത്താമെന്നു താരം കരുതുന്നു.

നിലവിൽ കരാർ പുതുക്കാൻ പോഗ്ബ തയ്യാറല്ലെങ്കിലും വരുന്ന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം വിലയിരുത്തിയതിനു ശേഷം താരം അതിനു തയ്യാറായേക്കും. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ആ നീക്കം ഗുണകരമല്ല. ഈ സീസണു ശേഷം പോഗ്ബ കരാർ പുതുക്കില്ലെന്നു തീരുമാനിച്ചാൽ അടുത്ത വർഷത്തെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലോകത്തിലെ ഏറ്റവും മികച്ചൊരു മധ്യനിര താരത്തെ ഫ്രീ ട്രാൻസ്ഫറിലാവും അവർക്ക് നഷ്‌ടമാവുക.


facebooktwitterreddit