മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകാന്‍ പോഗ്ബക്ക് താത്പര്യമില്ല, താരം പ്രീമിയര്‍ ലീഗ് വിട്ടേക്കും

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ പ്രീമിയര്‍ ലീഗ് വിടാനുള്ള സാധ്യതയേറുന്നു. യുണൈറ്റഡില്‍ ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന പോഗ്ബ ക്ലബ് വിടുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ പ്രീമിയര്‍ ലീഗിലെ മറ്റേതെങ്കിലും ക്ലബിലേക്ക് താരം ചേക്കേറാനുള്ള സാധ്യത കുറവാണെന്നാണ് 90min മനസിലാക്കുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റി പോഗ്ബക്കായി ശ്രമം നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന് പ്രീമിയര്‍ ലീഗില്‍ നില്ക്കാന് താല്പര്യമില്ലെന്നാണ് 90min മനസിലാക്കുന്നത്. സിറ്റിയിലേക്ക് ചേക്കേറാന്‍ താല്പര്യമുണ്ടോ എന്നറിയാന്‍ വേണ്ടി സിറ്റി അധികൃതര്‍ താരത്തെ സമീപിച്ചെന്ന് 90min മനസിലാക്കുന്നുണ്ട്. യുണൈറ്റഡിനോടുള്ള തന്റെ സ്നേഹം കാരണം സിറ്റിയുമായി കരാറുണ്ടാക്കാന്‍ പോഗ്ബ താല്പര്യപ്പെടുന്നില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്..
യുണൈറ്റഡ് വിടുന്ന പോഗ്ബയുടെ ഭാവി ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ താല്പര്യം പുതിയ ക്ലബ് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. താരത്തിന്റെ മുൻ ക്ലബായ യുവന്റസും, ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്കും താരത്തിൽ താത്പര്യമുണ്ട്.
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും പോഗ്ബക്കായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. എന്നാൽ പോഗ്ബയെ സ്വന്തമാക്കുക എന്നത് റയലിന്റെ മുൻഗണനയിൽ ഇല്ല. നിലവിൽ പിഎസ്ജിക്കും യുവന്റസിനുമാണ് താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.