പോൾ പോഗ്ബ യുവന്റസിലേക്ക്, ഫ്രീ ട്രാന്‍സ്ഫറന്റെ എഗ്രിമെന്റ് പൂര്‍ത്തിയായതായി റിപ്പോർട്ട്

FBL-ENG-PR-LIVERPOOL-MAN UTD
FBL-ENG-PR-LIVERPOOL-MAN UTD / OLI SCARFF/GettyImages
facebooktwitterreddit

ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ യുവന്റസിലേക്ക് ചേക്കേറുന്നതിൽ ഇരു കൂട്ടരും തമ്മിൽ പൂർണ ധാരണയിലെത്തിയതായി റിപ്പോർട്ട്. ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ജൂൺ അവസാനത്തോടെ അവസാനിക്കുന്ന പോഗ്ബ ഫ്രീ ട്രാൻസ്ഫറിലാണ് തന്റെ മുൻ ക്ലബ് കൂടിയായ യുവന്റസിലേക്ക് ചേക്കേറുന്നത്.

"പോള്‍ പോഗ്ബ യുവന്റസിലേക്കെന്ന് സ്ഥിരീകരിച്ചു, ഹിയർ വി ഗോ! ഫ്രീ ട്രാന്‍സ്ഫറന്റെ എഗ്രിമെന്റ് പൂര്‍ത്തിയായി. ജൂലൈ തുടക്കത്തില്‍ കരാര്‍ ഒപ്പുവെക്കും," റൊമാനോ ട്വിറ്ററില്‍ കുറിച്ചു. രണ്ടാഴ്ചക്കുള്ളില്‍ താരത്തിന്റെ ഇറ്റലിയിലേക്കുള്ള കൂടുമാറ്റം പൂര്‍ണമാകുമെന്നും റൊമാനോ വ്യക്തമാക്കി.

ആറു വര്‍ഷം മുന്‍പ് 100 മില്യൺ യൂറോക്ക് യുവന്റസ് വിറ്റ താരമാണ് പോഗ്ബ. അന്ന് റെക്കോര്‍ഡ് തുകക്ക് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കായിരുന്നു പോഗ്ബ ചേക്കേറിയത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിയാതിരുന്ന പോഗ്ബ, പലപ്പോഴും വിവാദനായകനുമായി.

2016ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതിന് ശേഷം 226 മത്സരങ്ങളിലാണ് താരം ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്. അത്രയും മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും പോഗ്ബ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ 2012 മുതല്‍ 2016 വരെ പോഗ്ബ യുവന്റസില്‍ കളിച്ചിരുന്നു. അന്ന് യുവന്റസിന്റെ മധ്യനിരിയിലെ നിര്‍ണായക സാന്നിധ്യമാകാന്‍ പോഗ്ബക്ക് കഴിഞ്ഞിരുന്നു.