മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനും, റൊണാൾഡോയെ മറികടന്ന് ലീഗിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന താരമാകാനും പോഗ്ബക്ക് ആഗ്രഹം

അടുത്ത സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ, ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കുമോ എന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നതായും, പുതിയ കരാറിൽ ഒപ്പുവെക്കുന്നതിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളിക്കാരനാവാൻ അദ്ദേഹം താല്പര്യപ്പെടുന്നുവെന്നും ഫ്രാൻസിൽ നിന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.
2016ൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ പോഗ്ബ ആറ് വർഷ കരാറാണ് ക്ലബ്ബുമായി ഒപ്പു വെച്ചിരുന്നത്. ഈ കരാറിന്റെ കാലാവധി അടുത്ത വർഷം ജൂണിൽ അവസാനിക്കും. അത് കൊണ്ടു തന്നെ ജനുവരി മുതൽ പുതിയ കരാറുമായി ബന്ധപ്പെട്ട് പ്രീമിയർ ലീഗിന് പുറത്തുള്ള ടീമുകളുമായി ചർച്ച നടത്താൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള ആഗ്രഹം പോഗ്ബ പരസ്യപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ പുതിയ കരാറിൽ ഒപ്പുവെക്കണമെങ്കിൽ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനാകണമെന്നതാണ് അദ്ദേഹത്തിന്റെ പക്ഷമെന്നും ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 290,000 പൗണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബയുടെ പ്രതിവാര ശമ്പളം. ഇക്കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 480,000 പൗണ്ടാണ് പ്രതിവാരം റെഡ് ഡെവിൾസ് നൽകുന്നത്.
EPL: Pogba demands Man Utd make him highest earner above Ronaldo https://t.co/vHNzhU2Bur
— Daily Post Nigeria (@DailyPostNGR) November 10, 2021
റൊണാൾഡോയാണ് പ്രീമിയർ ലീഗിലെ മൊത്തത്തിലുള്ള ശമ്പളക്കാര്യത്തിലും മുന്നിലുള്ള താരം. റോണോക്ക് നിലവിൽ നൽകുന്നതിനേക്കാൾ ഉയർന്ന പ്രതിഫലം ലഭിച്ചാൽ മാത്രമേ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ദീർഘിപ്പിക്കൂ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
അതേ സമയം തുടക്ക് പരിക്കേറ്റ പോൾ പോഗ്ബ നിലവിൽ കളിക്കളത്തിൽ നിന്ന് പുറത്താണ്. പരിക്കിൽ നിന്ന് മോചിതനാവാൻ 10 ആഴ്ച സമയം ഫ്രഞ്ച് താരത്തിന് വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. പരിക്കിനെത്തുടർന്നുള്ള വിശ്രമത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിന് മുന്നേ തന്റെ ഭാവി കാര്യത്തിൽ പോഗ്ബ നിർണായക തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതപ്പെടുന്നത്.