എന്റെ ഹൃദയം യുവന്റസിനെയാണ് എനിക്ക് വേണ്ടി തിരഞ്ഞെടുത്തത്: പോൾ പോഗ്ബ

ഏതാനും ദിവസം മുന്‍പായിരുന്നു ഫ്രഞ്ച് താരം പോള്‍ പോഗ്ബ യുവന്റസില്‍ ചേര്‍ന്നത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമായിരുന്നു താരം യുവന്റസിലേക്കാണെന്ന കാര്യം സ്ഥിരീകരിച്ചത്.
യുവന്റസിലേക്ക് ചേക്കേറിയതിന് ശേഷം ആദ്യമായി സംസാരിക്കവെ, മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുക്കുമ്പോൾ നിലവിലെ യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയുമായി ബന്ധം പുലർത്തിയിരുന്നെന്ന് വെളിപ്പെടുത്തിയ പോഗ്ബ, തന്റെ ഹൃദയം യുവന്റസിനെയാണ് തനിക്ക് വേണ്ടി തിരഞ്ഞെടുത്തതെന്നും പറഞ്ഞു.
"വീട്ടിലേക്ക് തിരിച്ചെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം വീട്ടിലാണെന്നാണ് എനിക്ക് ഇവിടെ അനുഭവപ്പെടുന്നത്. ഞാന്‍ വളരെ സന്തുഷ്ടനാണ്," പോഗ്ബ വ്യക്തമാക്കി.
"ഞാന്‍ ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ യുവന്റസ് ആരാധകരില്‍ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നത് എപ്പോഴും സന്തോഷകരമായിരുന്നു. എന്റെ ശ്രദ്ധ പൂര്‍ണമായും മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നു. പക്ഷെ ഇവിടെയുള്ള ആരാധകരെ ഞാൻ മിസ് ചെയ്തിരുന്നു. യുവന്റസിന്റെ ആരാധകര്‍ പ്രത്യേകതയുള്ളവരാണ്, അവർ ശരിക്കും ടീമിനെ പിന്തുണക്കുന്നു.
"ഞാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്നപ്പോള്‍ അല്ലെഗ്രിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹം ഇവിടെ ആദ്യമായി എന്റെ പരിശീലകനായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ചില നിമിഷങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹവുമായി എപ്പോഴും മികച്ച ബന്ധമുണ്ട്. അദ്ദേഹമാണ് ഇവിടെ അനുയോജ്യനായ മനുഷ്യൻ. ഇതാണ് എനിക്ക് തിരിച്ചുവരാനുള്ള ശരിയായ സമയം,
"എന്റെ ഹൃദയം യുവന്റസിനെയാണ് എനിക്ക് വേണ്ടി തിരഞ്ഞെടുത്തത്. ഇങ്ങോട്ട് വരാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് ഉള്ളില്‍ തോന്നി, അപ്പോഴാണ് തീരുമാനമെടുത്തത്," പോഗ്ബ കൂട്ടിച്ചേർത്തു.
ഇത് രണ്ടാം തവണയാണ് ഫ്രഞ്ച് താരം യുവന്റസിനൊപ്പം കളിക്കുന്നത്. നേരത്തെ 2012 മുതല്‍ 2016 വരെ ഇറ്റാലിയന്‍ വമ്പന്മാര്ക്കൊപ്പം പന്തു തട്ടിയ പോഗ്ബ രണ്ടാം തവണയും മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്നാണ് യുവന്റസിലെത്തുന്നത്.