പോഗ്ബയെ ബാഴ്സലോണക്ക് വാഗ്ദാനം ചെയ്ത് റയോള, താരത്തിന് പകരക്കാരനെ കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്: റിപ്പോർട്ട്

അടുത്ത സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയെ അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള, ബാഴ്സലോണക്ക് വാഗ്ദാനം ചെയ്തതായി റിപോർട്ടുകൾ. ഇതു വരേക്കും മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ഭാവിയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനങ്ങളൊന്നും കൈക്കൊള്ളാത്ത പോഗ്ബ, അടുത്ത വേനൽക്കാലത്ത് ക്ലബ്ബ് വിട്ടേക്കുമെന്നുള്ള സൂചനകൾ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ബാഴ്സലോണയുമായി ബന്ധപ്പെടുത്തി താരത്തിന്റെ പേര് ഉയർന്നിരിക്കുന്നത്.
ലോകഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ പോഗ്ബയെ ടീമിലെത്തിക്കാനുള്ള ബാഴ്സലോണയുടെ താല്പര്യം താരത്തിന്റെ ഏജന്റായ റയോള അന്വേഷിച്ചെന്ന് ഇ എസ് പി എൻ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബാഴ്സലോണ പോഗ്ബയെ സംബന്ധിച്ചിടത്തോളം മികച്ച ഓപ്ഷനായിരിക്കുമെങ്കിലും സമീപകാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ കറ്റാലൻ ക്ലബ്ബിന് താരത്തിന്റെ വമ്പൻ പ്രതിഫലം താങ്ങാൻ കഴിയുമോ എന്നത് കണ്ടറിയണം.
അതേ സമയം തങ്ങളുമായി പുതിയ കരാറിൽ ഒപ്പുവെക്കാൻ ഇതു വരെ തയ്യാറായിട്ടില്ലാത്ത പോഗ്ബ ക്ലബ്ബ് വിടുകയാണെങ്കിൽ അദ്ദേഹത്തിന് പകരം മധ്യനിരയിലേക്ക് ഒരു മികച്ച താരത്തെയെത്തിക്കേണ്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിന് അനിവാര്യമാണ്. ഈ സ്ഥാനത്തേക്ക് മൊണാക്കോയുടെ ഫ്രഞ്ച് മിഡ്ഫീൽഡർ ഔറേലിയൻ ചുഅമെനിയെയാണ് ഇംഗ്ലീഷ് ക്ലബ്ബ് നോട്ടമിട്ടിരിക്കുന്നതെന്നാണ് ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രഞ്ച് ലീഗിലെ ശ്രദ്ധേയ യുവ താരങ്ങളിൽ ഒരാളായ ചുഅമെനിയിൽ റയൽ മാഡ്രിഡ്, ലിവർപൂൾ, പി എസ് ജി തുടങ്ങിയ ക്ലബ്ബുകൾക്കും കണ്ണുണ്ടെന്നും, അത് കൊണ്ടു തന്നെ ഈ യുവ താരത്തെ ടീമിലെത്തിക്കണമെങ്കിൽ കടുത്ത പോരാട്ടം മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടേണ്ടി വന്നേക്കുമെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.
? Barcelona have been offered Paul Pogba on a free transfer next summer - Mino Raiola is sounding out some of Europe's heavyweights with a view to finding a new club for the midfielder, even though Pogba has not ruled out extending at #mufc. [@samuelmarsden, @moillorens]
— UtdDistrict (@UtdDistrict) October 15, 2021
തങ്ങളുടെ പ്രധാന താരങ്ങളിൽ ഒരാളായ ചുഅമെനിയെ വിട്ടുകളയാൻ മൊണാക്കോക്കും താല്പര്യം കാണില്ലെന്നാണ് കരുതപ്പെടുന്നത്. ഇനി അഥവാ ചർച്ചകൾക്ക് അവർ തയ്യാറായാലും 50 മില്ല്യൺ പൗണ്ടിൽക്കുറഞ്ഞ ഓഫറുകളൊന്നും അവർ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.