പോൾ പോഗ്ബയെ സ്വന്തമാക്കാൻ യുവന്റസിന് താല്പര്യം, പക്ഷെ രണ്ട് താരങ്ങളെ ഒഴിവാക്കേണ്ടി വരും

വരും ജൂലൈയിൽ ഫ്രീ ഏജന്റ് ആകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയെ ടീമിൽ തിരിച്ചെത്തിക്കാൻ യുവന്റസ് തയ്യാറെടുക്കുന്നെന്ന് റിപോർട്ടുകൾ.
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അടുത്ത വർഷത്തോടെ അവസാനിക്കുന്ന പോഗ്ബ പ്രീമിയർ ലീഗ് ക്ലബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. എന്നാൽ, യുണൈറ്റഡിൽ തുടരാൻ പോഗ്ബക്ക് താല്പര്യമുണ്ടെന്നും, താരത്തിന് പുതിയ കോൺട്രാക്ട് നൽകാൻ ചുവന്ന ചെകുത്താന്മാർക്ക് താല്പര്യം ഉണ്ടെന്നുമാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ, ഒരു വർഷത്തിൽ 15 ദശലക്ഷം യൂറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് നേടുന്ന പോഗ്ബയെ പുതിയ കോൺട്രാക്റ്റിലൂടെ പ്രീമിയർ ലീഗിൽ എറ്റവും കുടുതൽ സമ്പാദിക്കുന്നവരിൽ ഒരാളാക്കാനാണ് താരത്തിന്റെ ഏജന്റായ മിനോ റയോള ലക്ഷ്യമിടുന്നതെന്നാണ് എൽ'എക്വിപ്പെയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പോഗ്ബയെ സ്വന്തമാക്കാൻ താരത്തിന്റെ മുൻ ക്ലബായ യുവന്റസിനും താല്പര്യമുണ്ട്. എന്നാൽ, ലാ ഗസറ്റെ ഡെല്ലോ സ്പോർടിന്റെ റിപ്പോർട്ട് പ്രകാരം, ഫ്രഞ്ച് താരത്തെ വീണ്ടും ടീമിൽ എത്തിക്കുവാൻ രണ്ട് താരങ്ങളെയെങ്കിലും ജുവെന്റസ് വിൽക്കേണ്ടി വരും. അഡ്രിയാൻ റാബിയോട്ട്, ആരോൺ റാംസി എന്നിവരെ ഒഴിവാക്കേണ്ടി വരുമെന്നാണ് ഇറ്റാലിയൻ മാധ്യമം വ്യക്തമാക്കുന്നത്.
അതേ സമയം, മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരം പ്രതിവർഷം നേടുന്ന പ്രതിഫലം നൽകാൻ ഇറ്റാലിയൻ ക്ലബിന് സാധിച്ചെന്ന് വരില്ല, എന്നിരിന്നാലും ഓൾഡ് ലേഡിയിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവ് ക്ലബ്ബിന്റെ ഭാവി പദ്ധതികൾ അനുസരിച്ചിരിക്കും.
പോഗ്ബ യുവന്റസിലേക്ക് തിരിച്ചെത്തിയാൽ അമേരിക്കൻ താരം വെസ്റ്റൺ മക്കെന്നിയും ക്ലബ് വിടാൻ സാധ്യതകൾ ഏറെയാണ്.