യുവന്റസിൽ പോള്‍ പോഗ്ബക്ക് രാജകീയ വരവേല്‍പ്പ്

ഫ്രഞ്ച് താരം പോള്‍ പോഗ്ബക്ക് യുവന്റസിൽ രാജകീയ വരവേല്‍പ്പ്. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസില്‍ ചേരുന്നതിന് മുന്നോടിയായുള്ള മെഡിക്കല്‍ ചെക്കപ്പിന് എത്തിയപ്പോഴാണ് പോഗ്ബക്ക് ആവേശകരമായ സ്വീകരണം ലഭിച്ചത്. മെഡിക്കല്‍ സെന്ററില്‍ കാറിലെത്തിയപ്പോള്‍ കരഘോഷങ്ങളും ആര്‍പ്പുവിളികളുമായിട്ടാണ് പോഗ്ബയെ യുവന്റസ് ആരാധകര്‍ സ്വീകരിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കരാര്‍ അവസാനിച്ചതോടെ ഫ്രീ ഏജന്റായിട്ടാണ് പോഗ്ബ രണ്ടാം തവണയും യുവന്റസിലെത്തുന്നത്. 2011 മുതല്‍ 2012 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന പോഗ്ബ പിന്നീട് യുവന്റസിലേക്ക് ചേക്കേറിയിരുന്നു. പിന്നീട് 2012 മുതല്‍ 2016 വരെ യുവന്റസില്‍ തുടര്‍ന്ന പോഗ്ബ രണ്ടാം തവണയും ഓള്‍ഡ് ട്രാഫോര്‍ഡിലെത്തി.
L'arrivo di @paulpogba al #JMedical per le visite 👀 pic.twitter.com/enJpF2UUtk
— JuventusFC (@juventusfc) July 9, 2022
തുടര്‍ന്ന് നാലു വര്‍ഷം ചുവന്ന ചെകുത്താന്‍മാര്‍ക്കൊപ്പം ചെലവഴിക്കാന്‍ പോഗ്ബക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര പ്രകടനം പോഗ്ബയില്‍ നിന്ന് യുണൈറ്റഡിന് ലഭിച്ചിട്ടില്ല. രണ്ടാം വരവില്‍ യുണൈറ്റഡില്‍ വെറും രണ്ട് കിരീടം മാത്രമാണ് പോഗ്ബക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. 2016-17 സീസണില്‍ യൂറോപ്പാ ലീഗ്, ഇ.എഫ്.എല്‍ കപ്പ് തുടങ്ങിയ കിരീടങ്ങള്‍ മാത്രമായിരുന്നു രണ്ടാം വരവില്‍ പോഗ്ബയുടെ നേട്ടം. പിന്നീട് പരുക്കും പരിശീലകരുമായുള്ള ഉടക്കും കാരണം പലപ്പോഴും പോഗ്ബ വിവാദ പുരുഷനായിരുന്നു.
യുണൈറ്റഡില്‍ കരാര്‍ പുതുക്കാന്‍ തയ്യാറാകാത്ത പോഗ്ബ യുവന്റസില്‍ തന്റെ കരിയര്‍ തുടരുമെന്ന സൂചന നല്‍കിയിരുന്നു. യുവന്റസുമായി പോഗ്ബ നാലു വര്‍ഷത്തെ കരാറിലെത്തുമെന്നാണ് 90min വൃത്തങ്ങള്‍ മനസിലാക്കുന്നത്. മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പോഗ്ബയെ ടീമിലെത്തിച്ച കാര്യം യുവന്റസ് ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ പി.എസ്.ജിയുടെ അര്‍ജന്റൈന്‍ താരം ഡി മരിയയെ യുവന്റസ് സ്വന്തമാക്കിയിരുന്നു.