പോൾ പോഗ്ബക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കരാർ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് താരത്തിന്റെ വക്താവ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോള്‍ പോഗ്ബക്ക് പുതിയ ഓഫര്‍ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി താരത്തിന്റെ വക്താവ്. അഞ്ച് ലക്ഷം യൂറോ പ്രതിവാര ശമ്പളം ലഭിക്കുന്ന കരാർ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും, അത് സ്വീകരിക്കുകയാണെങ്കില്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരം പോഗ്ബയാകുമെന്നും നേരത്തെ ഇംഗ്ലീഷ് മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്‌തിരുന്നു
എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്ന് പോഗ്ബയുടെ വക്താവ് വ്യക്തമാക്കി. "കഴിഞ്ഞ മാസങ്ങളിൽ പോളിന് ഒരു പുതിയ കരാർ വാഗ്‌ദാനം ലഭിച്ചിട്ടില്ല. പരുക്കില്‍ നിന്ന് മുക്തി നേടി, ടീമിനെ എത്രയും വേഗം സഹായിക്കുക എന്നതിലാണ് പോൾ ഇപ്പോൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," വക്താവ് ഡെയിലി മെയിലിനോട് വ്യക്തമാക്കി.
സീസണ്‍ അവസാനത്തോടെ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിക്കുന്ന പോഗ്ബ ഓള്‍ഡ് ട്രാഫോര്‍ഡ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്, ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി, താരത്തിന്റെ മുന്‍ ക്ലബായ യുവന്റസ് തുടങ്ങിയവരാണ് യുണൈറ്റഡ് വിടുകയാണെങ്കിൽ പോഗ്ബക്ക് വേണ്ടി രംഗത്തുണ്ടാവാൻ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പോഗ്ബ എവിടേക്ക് പോകുമെന്ന കാര്യത്തില്‍ ഇതുവരെയും ഒരു സൂചനയും ലഭിച്ചിട്ടില്ല. താരം യുണൈറ്റഡിൽ തുടരാനുള്ള സാധ്യതയും പൂർണമായി തള്ളിക്കളയാൻ പറ്റില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.