മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങുന്ന പോള്‍ പോഗ്ബ യുവന്റസിന്റെ ഓഫര്‍ പരിഗണിക്കുന്നു

ഈ സീസണ് അവസാനത്തോടെ പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാൻ ഒരുങ്ങുന്ന പോള്‍ പോഗ്ബ വീണ്ടും യുവന്റസിലേക്ക് ചേക്കേറുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫ്രഞ്ച് ക്ലബായ പി.എസ്.ജി, പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബുകളും പോഗ്ബക്ക് വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യുവന്റസിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് താരം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും പി.എസ്.ജിയിലേക്ക് മാറുന്ന കാര്യം തള്ളിക്കളയാന്‍ കഴിയില്ലെന്നും ഇ.എസ്.പി.എന്നിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
താരം യുവന്റസിലേക്ക് ചേക്കേറുകയാണെങ്കില്‍ ഇത് രണ്ടാം തവണയായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് പോഗ്ബ യുവന്റസിലെത്തുന്നത്. നേരത്തെ 2011 മുതല്‍ 2012 വരെ ഓള്‍ഡ് ട്രാഫോര്ഡിലുണ്ടായിരുന്ന പോഗ്ബ 2012ല്‍ ഇറ്റാലിയന്‍ കരുത്തന്മാരായ യുവന്റസിലെത്തിയിരുന്നു.
യുവന്റസില്‍ 2016 വരെ കളിച്ച പോഗ്ബ വീണ്ടും യുണൈറ്റഡില്‍ എത്തുകയായിരുന്നു. രണ്ടാം തവണ യുണൈറ്റഡിലെത്തിയ പോഗ്ബക്ക് അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും നിര്‍ണായക ഘട്ടങ്ങള്‍ ടീമിനെ സഹായിക്കാനും കഴിഞ്ഞിട്ടുണ്ട്.
അതേ സമയം, കാഫ് ഇഞ്ചുറിയെ തുടര്‍ന്ന് പോഗ്ബക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന നാലു മത്സരങ്ങളിലും കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ക്രിസ്റ്റല്‍ പാലസിനെതിരേയുള്ള അവസാന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് വേണ്ടി പോഗ്ബ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാൽ, താരം കളിക്കുമോ എന്ന കാര്യം വ്യക്തമല്ല.
രണ്ടാം വരവില്‍ 226 മത്സരങ്ങളിലാണ് ചുവന്ന ചെകുത്താന്മാര്ക്ക് വേണ്ടി ഫ്രഞ്ച് ലോകകപ്പ് ജേതാവ് ബൂട്ടുകെട്ടിയിട്ടുണ്ട്. ഇതില്‍ നിന്ന് 39 ഗോളുകളും പോഗ്ബ യുണൈറ്റഡിന് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.