Football in Malayalam

ലെസ്റ്ററിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടത് അർഹിച്ചിരുന്ന പരാജയം; കടുത്ത തോൽവിക്ക് ശേഷം തുറന്നടിച്ച് പോഗ്ബ

Leicester City v Manchester United - Premier League
Leicester City v Manchester United - Premier League / Alex Pantling/GettyImages
facebooktwitterreddit

ലെസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ സംഭവിച്ച തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിച്ചിരുന്നത് തന്നെയാണെന്ന് ടീമിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബ. കഴിഞ്ഞ കുറേ നാളുകളായി തങ്ങൾ ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കുന്നുണ്ടെന്ന് തുറന്നടിച്ച പോഗ്ബ, ഇതിന്റെ കാരണമെന്തെന്ന് തങ്ങൾക്ക് ഇതു വരെ കണ്ടെത്താനായില്ലെ‌ന്നും ചൂ‌ണ്ടിക്കാട്ടി. ലെസ്റ്ററിനെതിരെ നേരിട്ട തോൽവിയിൽ താൻ വളരെയധികം അസ്വസ്ഥനാണെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ ഈ വാക്കുകൾ.

"സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾക്ക് വളരെക്കാലമായി ഇതു പോലെയുള്ള മത്സരങ്ങൾ സംഭവിക്കുന്നു. ഞങ്ങൾ ഇതു വരെ പ്രശ്നം കണ്ടെത്തിയില്ല, അനായാസമായ, മണ്ടൻ ഗോളുകൾ ഞങ്ങൾ വഴങ്ങുന്നു. ഞങ്ങൾ കൂടുതൽ പക്വതയുള്ളവരായിരിക്കേണ്ടതുണ്ട്, കൂടുതൽ പരിചയസമ്പത്തോടെയും ഗർവ്വോടെയും മികച്ച രീതിയിൽ കളിക്കേണ്ടതുണ്ട്. ഞങ്ങൾ മാറിയേ തീരൂ." പോഗ്ബ പറഞ്ഞു.

അതേ സമയം ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരാജയം. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടീലെമാൻസ്, സോയുങ്കു, ജാമി വാർഡി, പറ്റ്സൺ ഡാക്ക എന്നിവർ ലെസ്റ്ററിനായി വല കുലുക്കിയപ്പോൾ, മേസൺ ഗ്രീൻവുഡും, മാർക്കസ് റാഷ്ഫോഡുമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ സ്കോറർമാർ.

ഈ പരാജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുകളുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ്, 2021-22 സീസൺ പ്രീമിയർ ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണുള്ളത്.

facebooktwitterreddit