Football in Malayalam

റൊണാൾഡോ ബാലിശമായി പെരുമാറി, മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരത്തോട് മാപ്പു പറയണമെന്ന് പോൾ മേഴ്‌സൺ

Sreejith N
Brentford v Manchester United - Premier League
Brentford v Manchester United - Premier League / Clive Rose/GettyImages
facebooktwitterreddit

ബ്രെന്റഫോഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ തന്നെ പിൻവലിച്ചതിനെതിരെ റൊണാൾഡോ നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് മുൻ ഇംഗ്ലീഷ് താരമായ പോൾ മേഴ്‌സൺ. ആ പ്രതിഷേധം വളരെ ബാലിശമായിരുന്നുവെന്നു വ്യക്തമാക്കിയ മേഴ്‌സൺ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ യുവതാരമായ ആന്തണി എലാങ്കയോട് റൊണാൾഡോ ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടു.

മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുന്ന സമയത്താണ് റൊണാൾഡോയെ റാൾഫ് റാങ്നിക്ക് പിൻവലിച്ചത്. അതിൽ രോഷാകുലനായ താരം എന്തുകൊണ്ട് തനിക്കു പകരം ഏതെങ്കിലും യുവതാരങ്ങളെ പിൻവലിച്ചില്ലെന്ന് പരിശീലകനോട് ചോദിക്കുകയും ചെയ്‌തു. താരത്തിന്റെ ഈ പ്രവൃത്തി എലാങ്കയുടെ മികച്ചൊരു ദിവസത്തെ ഇല്ലാതാക്കി എന്നാണു മേഴ്‌സൺ പറയുന്നത്.

"ക്രിസ്റ്റ്യാനോ റൊണാൾഡോ ആന്തണി എലാങ്കയോട് ക്ഷമാപണം നടത്തേണ്ടതുണ്ട്. ബ്രെന്റഫോഡിനെതിരെ താരം ചെയ്ത കാര്യങ്ങൾ ആ യുവതാരത്തിന്റെ മികച്ചൊരു ദിവസത്തെ ഇല്ലാതാക്കുന്ന ഒന്നായിരുന്നു, ബാലിശമായ സംഗതിയായിരുന്നു അത്. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ആദ്യമായി ഈ സീസണിലെ പ്രീമിയർ ലീഗ് മത്സരത്തിൽ സ്റ്റാർട്ട് ചെയ്‌ത ആ പാവം പയ്യൻ ഗോൾ നേടുകയും ചെയ്‌തു." ഡെയിലി സ്റ്റാറിനോട് സംസാരിക്കുമ്പോൾ മേഴ്‌സൺ പറഞ്ഞു.

"അതിനു ശേഷം റൊണാൾഡോയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്‌തപ്പോൾ താരം ഇതെല്ലാം ചെയ്‌തു. അതു സംഭവിച്ചപ്പോൾ തന്നെ ഞാനെന്റെ സുഹൃത്തിനോട് പറഞ്ഞു. 'അതു കാണൂ, ആ കുട്ടി ഗോൾ നേടി എന്നു നിങ്ങളിനി അറിയാൻ പോകുന്നില്ല.' വളരെക്കാലമായി കളിച്ചു കൊണ്ടിരിക്കുന്ന ഒരു താരം എലാങ്കയുടെ പ്രകടനത്തെ ഇല്ലാതാക്കി തലക്കെട്ടുകളിൽ വരുന്നത് അവിശ്വസനീയമായ കാര്യം തന്നെയായിരുന്നു." മേഴ്‌സൺ വ്യക്തമാക്കി.

എക്കാലത്തെയും ഏറ്റവും മികച്ച താരമെന്ന നിലയിലുണ്ടായിരുന്ന റൊണാൾഡോയുടെ ഒരു നിഴൽ മാത്രമാണ് ഇപ്പോഴുള്ളതെന്നും പറഞ്ഞാണ് മേഴ്‌സൺ താരത്തിനെതിരായ തന്റെ വിമർശനം അവസാനിപ്പിച്ചത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit