Transfers

റൊണാൾഡോ പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് മുൻ ആഴ്‌സണൽ താരം പോൾ മേഴ്‌സൺ

Sreejith N
Paul Merson Urged Ronaldo To Join Messi
Paul Merson Urged Ronaldo To Join Messi / AFP Contributor/GettyImages
facebooktwitterreddit

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറണമെന്ന് ആഴ്‌സനലിന്റെ മുൻ താരവും ഫുട്ബോൾ നിരീക്ഷകനുമായ പോൾ മേഴ്‌സൺ. താരം തുടരുന്നതു വഴി മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും അബദ്ധമാണ് ചെയ്യുന്നതെന്നും പിഎസ്‌ജിയിൽ മെസി, എംബാപ്പെ എന്നിവർക്കൊപ്പം കൂടുതൽ കിരീടങ്ങൾ നേടാൻ റൊണാൾഡോക്ക് അവസരമുണ്ടെന്നും അദ്ദേഹം ഡെയിലി സ്റ്റാറിലെ കോളത്തിൽ പറഞ്ഞു.

"റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷമാവും എറിക് ടെൻ ഹാഗിന്റെ വിപ്ലവം ആരംഭിക്കുകയെന്നാണ് ഞാൻ കരുതുന്നത്. അങ്ങിനെയാണെങ്കിൽ റൊണാൾഡോ ഓൾഡ് ട്രാഫോഡിൽ കിരീടങ്ങൾ നേടില്ലെന്നിരിക്കെ എന്തിനാണ് തുടരുന്നത്. വലിയ കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് കൂടുതൽ വർഷങ്ങൾ അവശേഷിച്ചിട്ടില്ല."

"പിഎസ്‌ജിയിൽ മെസിക്കൊപ്പം റൊണാൾഡോ കളിക്കുന്നത് ആലോചിച്ചു നോക്കൂ. കരിയർ മുഴുവൻ എതിരാളികളായി കളിച്ച അവർ സഹതാരങ്ങളായി മാറുന്നത് രസകരമായിരിക്കും. നെയ്‌മർ പിഎസ്‌ജി വിടുമെന്ന് തുടർച്ചയായി കേൾക്കുന്ന സമയമായതിനാൽ മെസി, റൊണാൾഡോ, എംബാപ്പെ എന്നിങ്ങനെ ഒരു മുന്നേറ്റനിരയെ സൃഷ്‌ടിക്കാനും കഴിയും."

"ഇതിലൂടെ റൊണാൾഡോക്ക് കിരീടങ്ങൾ നേടാൻ കഴിയുമെന്നത് ഉറപ്പാണ്. താരത്തിന് ഏറ്റവും മികച്ച ഇടം അതാണെന്ന് ഞാൻ കരുതുന്നു. എല്ലാവർക്കും ഇവരെ കാണണമെന്നതു കൊണ്ട് ഓരോ ആഴ്‌ചയിലും ലോകമെമ്പാടും ടിവികളിൽ നിറഞ്ഞു നിൽക്കുക അവരായിരിക്കും." മേഴ്‌സൺ പറഞ്ഞു.

പിഎസ്‌ജിയാണ് റൊണാൾഡോക്ക് ഏറ്റവും ചേർന്ന ഇടമെന്നും പോൾ മേഴ്‌സൺ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കിരീട സാധ്യതയില്ലാത്തതിനാൽ റൊണാൾഡോ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടെന്നു നിലവിൽ റിപ്പോർട്ടുകളുണ്ടെങ്കിലും പോർച്ചുഗൽ താരത്തെ പിഎസ്‌ജി സ്വന്തമാക്കാൻ ശ്രമിക്കാനുള്ള സാധ്യത കുറവാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit