റൊണാൾഡോ സൈനിങ് ഒലെയുടെ പദ്ധതികൾ തകർത്തു, താരം ടീമിലെത്തിയതു മുതൽ യുണൈറ്റഡ് മികച്ചതായിരുന്നില്ലെന്ന് പോൾ മേഴ്സൺ


ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൈനിങ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒലെ ഗുണ്ണാർ സോൾഷെയർ കരുതി വെച്ചിരുന്ന പദ്ധതികളെ തകർത്തു കളഞ്ഞുവെന്നും കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാമതായിരുന്ന ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ വേണ്ടി അദ്ദേഹം കരുതി വെച്ചിരുന്ന ശൈലി ഉപേക്ഷിക്കാൻ നിർബന്ധിതമാക്കിയെന്നും മുൻ ആഴ്സണൽ താരവും പണ്ഡിറ്റുമായ പോൾ മേഴ്സൺ. ഡെയിലി മെയിലിലെ തന്റെ കോളത്തിലാണ് പോൾ മേഴ്സൺ റൊണാൾഡോയുടെ വരവ് ഒലെയുടെ പദ്ധതികളെ എങ്ങിനെയാണു ബാധിച്ചതെന്നു വ്യക്തമാക്കിയത്.
"എനിക്കു സോൾഷെയറിനോട് സഹതാപമുണ്ട്. കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ അദ്ദേഹത്തിന് ഈ സീസണിന്റെ തുടക്കത്തിൽ ഒരു പദ്ധതി ഉണ്ടായിരുന്നു. സാഞ്ചോയെ വളരെക്കാലമായി പിന്തുടർന്നിരുന്ന അദ്ദേഹത്തിനു താരത്തെ ലഭിച്ചിരുന്നു. എഡിസൺ കവാനിക്ക് ഒരു വർഷം നീട്ടി നൽകാനും ഒലെക്കു കഴിഞ്ഞു."
Re-signing Cristiano Ronaldo threw Ole Gunnar Solskjaer's plans 'out the window', insists Paul Merson https://t.co/UA19NBca4C
— MailOnline Sport (@MailSport) November 22, 2021
"അദ്ദേഹത്തിന്റെ പ്ലാൻ കാണണം: എല്ലാ മത്സരത്തിലും കവാനിയെ കളിപ്പിക്കുക, സാഞ്ചോ ഒരു വശത്ത് കളിക്കാനുണ്ട്, മാർകസ് റാഷ്ഫോഡ് അപ്പുറത്തുമുണ്ട്. മാറ്റിക്കളിപ്പിക്കാൻ മേസൺ ഗ്രീൻവുഡും നിങ്ങൾക്കൊപ്പമുണ്ട്. വേഗതയും കരുത്തും കഴിവും ഊർജ്ജവും യുവത്വവുമെല്ലാം നിങ്ങൾക്കൊപ്പമുണ്ട്."
"അതിനു ശേഷം സീസൺ ആരംഭിച്ചതിനു പിന്നാലെ ഒലെക്ക് റൊണാൾഡോയെ ലഭിച്ചു. അതോടെ അദ്ദേഹം ആ പദ്ധതിയെല്ലാം ജനലിലൂടെ വലിച്ചെറിഞ്ഞുവെന്നാണ് ഞാൻ കരുതുന്നത്. റൊണാൾഡോയുള്ളപ്പോൾ തുടക്കം മുതൽ തന്നെ അവരൊരു മികച്ച ടീമായിരുന്നില്ല."
"ഒരു പ്രത്യേക ശൈലിയിൽ കളിക്കാതെ നിങ്ങൾ 29 മത്സരങ്ങൾ എവേ മത്സരങ്ങളിൽ അപരാജിതരായി മുന്നേറില്ല, സാഞ്ചോ വന്നത് ആ ശൈലി മുറുകെപ്പിടിക്കാനുള്ള ഒരു ആയുധം കൂടിയാണ് നൽകിയത്. എന്നാൽ റൊണാൾഡൊയുള്ളപ്പോൾ നിങ്ങൾക്ക് പ്രത്യാക്രമണങ്ങൾക്ക് ആ ആയുധം ഉപയോഗിക്കാൻ കഴിയില്ല. അതുപോലെ ബ്രൂണോ ഫെർണാണ്ടസ് കഴിഞ്ഞ സീസണിൽ അവരുടെ ഏറ്റവും മികച്ച താരമായിരുന്നു, ഈ സീസണിൽ അതിനെ തൊടാൻ പോലും താരത്തിനു കഴിഞ്ഞിട്ടില്ല."
"ഇതെല്ലാം സോൾഷെയറിനു തിരിച്ചടിയായി. അദ്ദേഹത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നു, എന്നാൽ റൊണാൾഡോ എത്തിയതോടെ സീസണിന്റെ തുടക്കത്തിൽ തന്നെ ജനാലയിലൂടെ അതു പുറത്തേക്ക് വലിച്ചെറിയേണ്ടി വന്നു. അവർ താരത്തെ ടീമിൽ എത്തിച്ചതു തന്നെ മാഞ്ചസ്റ്റർ സിറ്റി റൊണാൾഡോയുടെ പുറകിൽ ഉണ്ടെന്നു കേട്ടതു കൊണ്ടാണ്."
"പ്രീമിയർ ലീഗ് വിജയിക്കാൻ ഞങ്ങൾക്കിനി വേണ്ട താരമാണ് റൊണാൾഡോ എന്നതു കൊണ്ട് യുവന്റസിനോട് അങ്ങോട്ടു പോയി ചോദിച്ചിട്ടല്ല റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്. തങ്ങൾ എല്ലാ വർഷവും മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിലാണ്, ഇനി റൊണാൾഡോയെക്കൂടി അവർക്ക് വിട്ടു നൽകാൻ കഴിയില്ലെന്നാണ് അവർ കരുതിയത്," മേഴ്സൺ വ്യക്തമാക്കുന്നു.
എവർട്ടനെതിരെ നടന്ന മത്സരത്തിൽ വിശ്രമം എന്ന പേരിൽ ഒലെ റൊണാൾഡോയെ പുറത്തിരുത്താൻ ശ്രമിച്ചുവെന്നും എന്നാൽ മത്സരം വിജയിക്കാതിരുന്നതിനാൽ ആ നീക്കം തിരിച്ചടിച്ചു എന്നും മേഴ്സൺ പറയുന്നു. അതുകൊണ്ടാണ് റൊണാൾഡോയെ എല്ലാ മത്സരങ്ങളിലും ടീമിൽ ഉൾപ്പെടുത്താൻ സോൾഷെയർ നിർബന്ധിതനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൊണാൾഡോ ഒരു ഇതിഹാസം തന്നെയാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ടീമായിരുന്നു വേണ്ടതെന്നാണ് മേഴ്സൺ പറയുന്നത്. തന്നെ ടീമിലെത്തിച്ചതിനു പകരമായി ന്യായമായ പ്രകടനം റൊണാൾഡോയുടെ ഭാഗത്തു നിന്നുണ്ടായി എന്ന് ആരാധകർ പറയുമെങ്കിലും മുൻനിരയിൽ നിന്ന് ഇരുപതു ഗോളുകൾ അടിച്ചു കൂട്ടുന്ന ഒരാളെയല്ല, മറിച്ച് ഒറ്റക്കെട്ടായി പൊരുതുന്ന ഒരു ടീമിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യമുണ്ടായിരുന്നതെന്നും മേഴ്സൺ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.