മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോപ് ഫോറിൽ എത്താനാവില്ല, റൊണാൾഡോയെ റാങ്നിക്ക് പുറത്തിരുത്തണമെന്ന് പോൾ മേഴ്‌സൺ

Manchester United v Burnley - Premier League
Manchester United v Burnley - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്നും റൊണാൾഡോയെ പുറത്തിരുത്താൻ പരിശീലകനായ റാങ്നിക്ക് തയ്യാറാകണമെന്ന് മുൻ ആഴ്‌സണൽ, ഇംഗ്ലണ്ട് താരവും ഫുട്ബോൾ പണ്ഡിറ്റുമായ പോൾ മേഴ്‌സൺ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്നു പറയുന്ന അദ്ദേഹം ഈ സീസണിൽ ടോപ് ഫോറിലെത്താൻ അവർക്ക് കഴിയില്ലെന്നും അഭിപ്രായപ്പെട്ടു.

ഇരുപതു മില്യൺ യൂറോയിലധികം നൽകിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സമ്മറിൽ യുവന്റസിൽ നിന്നും സ്വന്തമാക്കിയത്. ക്ലബിലേക്കുള്ള തന്റെ തിരിച്ചു വരവിൽ മികച്ച പ്രകടനം നടത്തുന്ന താരം പതിനാലു ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ടെങ്കിലും കളിക്കളത്തിൽ പുലർത്തുന്ന മനോഭാവത്തിന്റെയും വർക്ക് റേറ്റിന്റെയും പേരിൽ നിരവധി വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നു വരുന്നുണ്ട്.

"മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ റൊണാൾഡോയെ ഒഴിവാക്കണം എന്നാണു എനിക്ക് പറയാനുള്ളത്. അത് സംഭവിക്കില്ലെങ്കിലും സാഞ്ചോ, റാഷ്‌ഫോഡ്, ഗ്രീൻവുഡ്‌ എന്നിവർ വിങ്ങിൽ കളിക്കുന്നതിനൊപ്പം കവാനിയാണ് മുന്നേറ്റനിരയിൽ ഉണ്ടാവേണ്ടത്."

"അവിടെ ശരിയല്ലാത്ത എന്തൊക്കെയോ ചിലതുണ്ട്. പിന്നണിയിൽ എന്തൊക്കെയോ സംഭവിക്കുന്നതായി എനിക്ക് തോന്നുന്നു, അതവർക്ക് ഒരിക്കലും ഗുണം ചെയ്യില്ല." മേഴ്‌സൺ സ്പോർട്സ്കീഡയോട് പറഞ്ഞത് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു.

"മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും എന്തു കിട്ടുമെന്ന് നിങ്ങൾക്ക് അറിയാൻ കഴിയില്ല. നോർവിച്ച് സിറ്റിക്കെതിരെ അവർക്ക് ഭാഗ്യം ഉണ്ടായിരുന്നു, ന്യൂകാസിലിനെ എവേ മത്സരത്തിൽ അവർക്ക് പരാജയപ്പെടുത്താനും കഴിയുമായിരുന്നില്ല. ഇത്തരം കടുപ്പമേറിയ മത്സരങ്ങൾ ഇനിയും അവർക്കുണ്ടാകും."

"അവർ ടോപ് ഫോറിൽ ഫിനിഷ് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അവർ അതിൽ നിന്നും വളരെ ദൂരം പിന്നിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടോപ് ഫോറിലെത്തിയാൽ അവരെ സംബന്ധിച്ച് ഇതൊരു മഹത്തായ സീസൺ തന്നെയാണ്." മേഴ്‌സൺ വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ ഏഴാം സ്ഥാനത്താണ്. ആഴ്‌സണൽ, ടോട്ടനം, വെസ്റ്റ് ഹാം എന്നിവരെല്ലാം ടോപ് ഫോറിനായി കടുത്ത മത്സരം സൃഷ്‌ടിക്കുന്നുണ്ടെന്നിരിക്കെ അതു നേടിയെടുക്കൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് എളുപ്പമാവില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.