Football in Malayalam

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിയുമെന്ന് ക്ലബിന്റെ മുൻതാരം പോൾ ഇൻസ്

Sreejith N
Norwich City v Manchester United - Premier League
Norwich City v Manchester United - Premier League / Alex Pantling/GettyImages
facebooktwitterreddit

ഒട്ടനവധി വിവാദങ്ങൾ ഉയർന്ന ചാമ്പ്യൻസ് ലീഗ് ഡ്രോയിൽ ആദ്യം പിഎസ്‌ജിയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളികളായി ലഭിച്ചതെങ്കിലും പിന്നീട് വീണ്ടും അതു നടത്തിയപ്പോൾ സ്‌പാനിഷ്‌ ക്ലബായ അത്ലറ്റികോ മാഡ്രിഡിനെയാണ് റെഡ് ഡെവിൾസ് നേരിടേണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ ഫോം പരിഗണിക്കുമ്പോൾ അത്ലറ്റികോ മാഡ്രിഡ് കടുപ്പമേറിയ എതിരാളികളാണ് എങ്കിലും റൊണാൾഡോയുടെ ചിറകിൽ അവരെ മറികടക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സോൾഷെയറിനു കീഴിൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിരുന്നത് എങ്കിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് അവർ റൗണ്ട് ഓഫ് 16ലേക്ക് മുന്നേറിയത്. അതേസമയം ആധികാരികമായ പ്രകടനം നടത്തുന്നില്ലെങ്കിലും നോക്ക്ഔട്ട് മത്സരങ്ങളുള്ള ടൂർണമെന്റിൽ നിലവിലുള്ള സൂപ്പർ താരങ്ങളെ വെച്ച് കിരീടങ്ങൾ നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിയുമെന്നാണ് ക്ലബിന്റെ മുൻ താരമായ പോൾ ഇൻസ് പറയുന്നത്.

"മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയും. ആളുകൾ വിചാരിക്കും എനിക്ക് ഭ്രാന്താണെന്ന്, പക്ഷെ അവർക്കതിനു കഴിയും." ഇംഗ്ലീഷ് മാധ്യമമായ ദി മിററിനോട് സംസാരിക്കുമ്പോൾ പോൾ ഇൻസ് പറഞ്ഞു.

"നോക്ക്ഔട്ട് ഫുട്ബോളിൽ നിങ്ങൾ നിങ്ങളുടെ ശൈലിയിൽ, മികച്ച ഫോമിൽ കളിക്കുകയും, ലഭിച്ചിട്ടുള്ള ലോകോത്തര താരങ്ങളെയും പരിഗണിക്കുമ്പോൾ അവർ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുമെന്നും അതു വിജയിക്കുമെന്നും കരുതാതിരിക്കാൻ യാതൊരു കാരണവുമില്ല." ഇൻസ് തന്റെ അഭിപ്രായത്തിന്റെ കാരണം വ്യക്തമാക്കി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടോപ് ഫോറിനായി കടുത്ത മത്സരം നടന്നു കൊണ്ടിരിക്കുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ നാലിലെത്താൻ കഴിയുമെന്നാണ് ഇൻസ് പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടാനുള്ള സാധ്യതയില്ലെങ്കിലും ചെൽസി, ലിവർപൂൾ, സിറ്റി എന്നിവർ ചില മത്സരങ്ങളിൽ തോറ്റാൽ അതുവഴി ആദ്യ മൂന്നിൽ തന്നെയെത്താൻ ക്ലബിനാകുമെന്ന് ഇൻസ് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit