Champions League

മാഞ്ചസ്റ്റർ സിറ്റിയുടെ തോൽ‌വിയിൽ രൂക്ഷമായ പരിഹാസവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പാട്രിക്ക് എവ്‌റ

Sreejith N
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / David Ramos/Getty Images
facebooktwitterreddit

ചെൽസിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിക്ക് എവ്‌റ. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപു കയ് ഹാവേർട്സ് നേടിയ ഒരേയൊരു ഗോളിൽ ചെൽസി വിജയം നേടിയപ്പോൾ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടാമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സ്വപ്‌നം കൂടിയാണ് ഇല്ലാതായത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വമ്പൻ താരങ്ങൾ കളിക്കുന്ന ടീമായിരുന്നിട്ടു കൂടി ഇതുവരെയും മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ നേടാൻ കഴിയാത്തതിനെയാണ് 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം യൂറോപ്യൻ കിരീടമുയർത്തിയ ഫ്രഞ്ച് താരം കളിയാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു എവ്‌റ മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവിയോട് പ്രതികരിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ സർ ബോബി ചാൾട്ടണൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവുമായി ഇരിക്കുന്ന തന്റെ ഫോട്ടോഷോപ്പ് ചെയ്‌ത ചിത്രമാണ് എവ്‌റ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്‌. അതിന്റെ സംഭാഷണമായി "സർ ബോബി, ഇതിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പേരുണ്ടോയെന്ന് ഒരിക്കൽ കൂടി പരിശോധിക്കാമോ" എന്ന് എവ്‌റ ചോദിക്കുന്നതും ഇല്ലെന്ന് ബോബി ചാൾട്ടൺ മറുപടി പറയുന്നതും കുറിച്ചിട്ടുണ്ട്.

ചിത്രത്തിനൊപ്പം ബോബിയോട് ഒരിക്കൽ കൂടി ഇതു പരിശോധിക്കാൻ പറയണമെന്ന തലവാചകം കൂടി കുറിച്ച എവ്‌റ എല്ലാവർക്കും ശുഭരാത്രിയും നേർന്നു. നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയുടെ തോൽവി മുൻ ഫ്രഞ്ച് താരം അത്രയധികം ആസ്വദിച്ചിട്ടുണ്ടെന്നത് ഇതിൽ നിന്നും വ്യക്തമാണ്.

എവ്‌റയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തേക്കു വീണ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ നാലു വർഷമായി ഒരു കിരീടം പോലും നേടിയിട്ടില്ലെന്ന കാര്യം ഓർക്കണമെന്നും ചില ആരാധകർ പറയുന്നു.

facebooktwitterreddit