ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാനുണ്ടായ രണ്ടു കാരണങ്ങൾ വെളിപ്പെടുത്തി പാട്രിക്ക് എവ്‌റ

Sreejith N
Juventus v Atalanta - Pre-Season Friendly
Juventus v Atalanta - Pre-Season Friendly / Emilio Andreoli/GettyImages
facebooktwitterreddit

ഏറെ സംഭവബഹുലമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസിൽ നിന്നും തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. യുവന്റസ് വിടാൻ ആഗ്രഹമുണ്ടായിരുന്ന താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ആദ്യം ശക്തമായിരുന്നു എങ്കിലും ആ നീക്കങ്ങളെ അട്ടിമറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ റൊണാൾഡോയെ സ്വന്തമാക്കുകയായിരുന്നു.

ഒരു വർഷം കൂടി കരാറിൽ ബാക്കി നിൽക്കെ റൊണാൾഡോ യുവന്റസ് വിടാനുണ്ടായ കാരണം പറയുകയാണ് താരത്തിന്റെ സുഹൃത്തും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും യുവന്റസിന്റെയും മുൻ താരവുമായ പാട്രിക്ക് എവ്‌റ. ഇറ്റാലിയൻ ക്ലബിന്റെ മോശം പ്രകടനത്തിൽ ബലിയാടാക്കപ്പെട്ടതും താരം എല്ലാ മത്സരങ്ങളിലും കളിക്കാനിറങ്ങില്ലെന്ന് അല്ലെഗ്രി പരസ്യമായി പറഞ്ഞതുമാണ് റൊണാൾഡോ യുവന്റസ് വിടുന്നതിലേക്ക് നയിച്ചതെന്നാണ് എവ്‌റ പറയുന്നത്.

"റൊണാൾഡോക്ക് വേണ്ടത് സ്നേഹവും ബഹുമാനവുമാണ്. യുവന്റസിന്റെ മോശം ഫലങ്ങളിൽ താൻ ബലിയാടാവുന്നുവെന്ന് താരം മനസിലാക്കി. എന്തൊക്കെയായാലും സീരി എ കിരീടം വിജയിക്കുക അത്രയെളുപ്പമല്ലെന്ന് പലരും മറന്നു പോകുന്നു. എല്ലാ വർഷവും സീരി എ വിജയിക്കുകയാണ് ആഗ്നല്ലിയുടെ ലക്ഷ്യം, ചാമ്പ്യൻസ് ലീഗല്ല," ലാ റിപ്പബ്ലിക്കയോട് എവ്‌റ പറഞ്ഞു.

"അല്ലെഗ്രിയുടെ വാക്കുകളും റൊണാൾഡോ പുറത്തു പോകാൻ കാരണമായിട്ടുണ്ട്. റൊണാൾഡോ എല്ലാ മത്സരങ്ങളിലും കളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതു പരസ്യമായി പറയേണ്ട യാതൊരു കാര്യവുമില്ല. റൊണാൾഡോയെ ഇത്തരം കാര്യങ്ങൾ ബാധിക്കുമെന്നതു കൊണ്ടു തന്നെ അതു രഹസ്യമായി വെക്കുകയായിരുന്നു വേണ്ടത്." എവ്‌റ അഭിപ്രായപ്പെട്ടു.

അതേസമയം 2019ൽ അല്ലെഗ്രിയെ യുവന്റസ് പുറത്താക്കിയത് അനുചിതമായ തീരുമാനം ആയിരുന്നുവെന്നും എവ്‌റ പറഞ്ഞു. ഫുട്ബോളിനെ കുറിച്ച് വളരെയധികം ധാരണയുള്ള അദ്ദേഹം മത്സരങ്ങൾക്കു മുൻപു തന്നെ അവയുടെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകൾ നടത്താറുണ്ടെന്നും അതു താൻ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും എവ്‌റ വ്യക്തമാക്കി.

facebooktwitterreddit