Football in Malayalam

'അതു മോഷണമായിരുന്നുവെന്ന് നിങ്ങൾ ഭാവിയിൽ പറയും' - 2021 ബാലൺ ഡി ഓർ ജേതാവിനെ വെളിപ്പെടുത്തി പാട്രിക്ക് എവ്‌റ

Sreejith N
FBL-BALLON D'OR-2019-AWARD
FBL-BALLON D'OR-2019-AWARD / FRANCK FIFE/GettyImages
facebooktwitterreddit

2021 വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ആർക്കാണെന്നു വെളിപ്പെടുത്തി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിക്ക് എവ്‌റ. പിഎസ്‌ജി സൂപ്പർതാരമായ ലയണൽ മെസിയാണ് ഈ വർഷത്തെ ബാലൺ ഡി ഓർ നേടിയതെന്നാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എവ്‌റ വ്യക്തമാക്കുന്നത്. പുരസ്‌കാരം നേടിയതിന്റെ പേരിൽ അർജന്റീനിയൻ താരത്തെ എവ്‌റ അഭിനന്ദിക്കുകയും ചെയ്‌തു.

മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണത്തെ ബാലൺ ഡി ഓറിൽ തുറന്ന പോരാട്ടമാണ് നടന്നത്. മെസി, റൊണാൾഡോ, റോബർട്ട് ലെവൻഡോസ്‌കി, ജോർജിന്യോ, സലാ, ബെൻസിമ എന്നിവർക്കെല്ലാം തുല്യമായ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു എങ്കിലും മെസി തന്നെയാണ് ജേതാവെന്ന റിപ്പോർട്ടുകൾ സജീവമായിരുന്നു. അതിനെ സ്ഥിരീകരിക്കുന്നതാണ് എവ്‌റയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും.

ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിൽ മെസിയെ തടയാൻ ശ്രമിക്കുന്നതിന്റെ ഒരു ചിത്രം ഇട്ടാണ് മുൻ ഫ്രഞ്ച് താരം ആശംസകൾ നേർന്നത്. "മറ്റൊരു ബാലൺ ഡി ഓർ കൂടി നേടിയ ലയണൽ മെസിക്ക് ആശംസകൾ," എന്നാണു താരം ഫോട്ടോക്ക് കീഴിൽ കുറിച്ചത്.

അതേസമയം അതെ ഫോട്ടോയിൽ കമന്റ് സെഷനിൽ മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തെ എവ്‌റ വിമർശനാത്മകമായി സമീപിക്കുന്നുമുണ്ട്. ഞാനിതു പറഞ്ഞാൽ റൊണാൾഡോ എന്റെ സഹോദരനായതു കൊണ്ടാണെന്ന് നിങ്ങൾ പറയുമെന്നും ഭാവിയിൽ നിങ്ങളെല്ലാവരും ഈ നേട്ടത്തെ ഒരു മോഷണമായി പറയുമെന്നും എവ്‌റ കമന്റിൽ കുറിച്ചിട്ടുണ്ട്.

താരത്തിന്റെ കമന്റ് സെഷനിൽ നിരവധി പേർ മെസിയുടെ നേട്ടത്തെ അനുകൂലിച്ചും നിരവധി പേർ പ്രതികൂലിച്ചും രംഗത്തു വന്നിട്ടുണ്ട്. അനുകൂലിക്കുന്നവർ മെസി കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനത്തിന് ബാലൺ ഡി ഓർ അർഹിക്കുന്നുവെന്നു പറയുമ്പോൾ പ്രതികൂലിക്കുന്നവരിൽ ഭൂരിഭാഗവും റോബർട്ട് ലെവൻഡോസ്‌കി പുരസ്‌കാരം അർഹിക്കുന്നുവെന്നാണ് പറഞ്ഞത്.


facebooktwitterreddit