Football in Malayalam

മെസി പറഞ്ഞത് വിവേകമുള്ള കാര്യം, 2020 ബാലൺ ഡി ഓർ ലെവൻഡോസ്‌കിക്കു നൽകുന്നതു പരിഗണിക്കുമെന്ന് ഫ്രാൻസ് ഫുട്ബോൾ ചീഫ്

Sreejith N
TOPSHOT-FBL-AWARD-BALLON D'OR-2021
TOPSHOT-FBL-AWARD-BALLON D'OR-2021 / FRANCK FIFE/GettyImages
facebooktwitterreddit

ലയണൽ മെസി 2021 വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ഉയർത്തിയതിനു പിന്നാലെ അതിനെതിരെ വിമർശനവുമായി പലരും രംഗത്തു വന്നിരുന്നു. മെസി ഈ വർഷത്തെ ബാലൺ ഡി ഓർ അർഹിക്കുന്നില്ലെന്നും 2020 വർഷത്തിൽ അർഹിച്ച ബാലൺ ഡി ഓർ നഷ്‌ടമായതിൻറെയും ഈ വർഷം കാഴ്‌ച വെച്ച പ്രകടനത്തിന്റെയും പേരിൽ റോബർട്ട് ലെവൻഡോസ്‌കിയാണ് പുരസ്‌കാരത്തിന് അർഹനെന്നും പലരും പറയുകയുണ്ടായി.

തീർച്ചയായും അർഹിച്ചിരുന്ന 2020 ബാലൺ ഡി ഓർ കോവിഡ് മഹാമാരി മൂലം നഷ്‌ടമായ ലെവൻഡോസ്‌കിക്ക് ആശ്വാസം പകരുന്ന വെളിപ്പെടുത്തലാണ് ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്‌കൽ ഫെരെ ഇപ്പോൾ നടത്തിയിരിക്കുന്നത്. ബാലൺ ഡി ഓർ വേദിയിൽ വെച്ച് 2020ലെ പുരസ്കാരം ലെവൻഡോസ്‌കിക്ക് നൽകണമെന്ന മെസിയുടെ വാക്കുകൾ വിവേകപൂർണമാണെന്നും അക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ബാലൺ ഡി ഓർ വളരെ ജനാധിപത്യപരമായ ഒരു സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് നിൽക്കുന്നത്. ബാലൺ ഡി ഓർ ജൂറിയിൽ 170 അംഗങ്ങളാണുള്ളത്, അവർ മെസിക്ക് വോട്ട് ചെയ്‌ത്‌ ഒന്നാമത് എത്തിക്കുകയാണു ചെയ്‌തത്‌. ഞാൻ മെസിക്കല്ല ആദ്യത്തെ വോട്ട് നൽകിയത്, ലെവൻഡോസ്‌കിക്ക് ആയിരുന്നു. എന്നാൽ മെസിയും ബാലൺ ഡി ഓർ അർഹിക്കുന്നുവെന്നു ഞാൻ കരുതുന്നു."

"ലെവൻഡോസ്‌കി 2020 ബാലൺ ഡി ഓർ അർഹിക്കുന്നുവെന്നു മെസി പറഞ്ഞത് വിവേകപൂർണമായ നല്ലൊരു കാര്യമായിരുന്നു. ഞങ്ങൾ വളരെ വേഗത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതില്ല എന്നാണു ഞാൻ കരുതുന്നത്. അതേക്കുറിച്ച് ചിന്തിക്കാവുന്നതാണ്, എന്തായാലും അതുണ്ടാവും."

"കഴിഞ്ഞ വർഷം ലെവൻഡോസ്‌കി ബാലൺ ഡി ഓർ വിജയിച്ചോ എന്നു ഞങ്ങൾക്ക് ഉറപ്പില്ല. അതിന്റെ കാരണം കഴിഞ്ഞ വർഷം വോട്ടിങ് നടന്നില്ലെന്നതാണ്. എന്നാൽ ആത്മാർത്ഥമായി പറയുകയാണെങ്കിൽ അതു താരം വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു." പാസ്‌കൽ ഫെരെ പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.

facebooktwitterreddit