5 താരങ്ങളെ വിൽക്കാനൊരുങ്ങി പി എസ് ജി; ഫ്രഞ്ച് ക്ലബ്ബിന്റെ നീക്കം വേതന ബിൽ കുറക്കുന്നതിനായി...

വേതനബില്ലിൽ കുറവ് വരുത്തുന്നതിന് വേണ്ടി തങ്ങളുടെ അഞ്ച് കളികാരെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാൻ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മന് പദ്ധതികളെന്ന് സൂചന. ഇക്കുറി മെസിയും, റാമോസും അടക്കമുള്ള നിരവധി സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച പിഎസ് ജിയുടെ ഇപ്പോളത്തെ വേതനബിൽ വളരെ കൂടുതലാണ്. ഇത് ഭാവിയിൽ തിരിച്ചടിയാകാൻ സാധ്യതയുണ്ട് എന്നത് കൂടി പരിഗണിച്ചാണ് ഈ മാസാവസാനത്തോടെ അഞ്ചോളം താരങ്ങളുടെ വിൽപ്പന പൂർത്തിയാക്കാൻ പി എസ് ജി തയ്യാറെടുക്കുന്നത്.
ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ജിയാൻല്യൂജി ഡോണരുമ്മ, ജോർജീനിയോ വൈനാൾഡം, അഷ്റഫ് ഹക്കിമി, സെർജിയോ റാമോസ്, ലയണൽ മെസി എന്നീ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച പി എസ് ജിക്ക്, മിച്ചൽ ബാക്കറെ മാത്രമാണ് വിൽക്കാനായത്. ബയേർ ലെവർക്യൂസനിലേക്ക് 10 മില്ല്യൺ യൂറോക്കാണ് ബാക്കറിനെ പി എസ് ജി കൈമാറിയത്.
ക്ലബ്ബ് ഇക്കുറി ഒപ്പിട്ടവരിൽ ഭൂരിഭാഗം താരങ്ങളും ഫ്രീ ഏജന്റായിരുന്നുവെങ്കിലും വേതന ഇനത്തിൽ അവർക്ക് ഇനി മുടക്കേണ്ടി വരുന്ന തുക ഭീമമായിരിക്കും. അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസിക്ക് മാത്രം ടാക്സ് കഴിഞ്ഞ് 35 മില്ല്യൺ യൂറോയാണ് ശമ്പളയിനത്തിൽ പിഎസ് ജിയിൽ നിന്ന് ലഭിക്കുക.
ഇത്തരത്തിൽ ക്ലബ്ബിന്റെ വേതന ബിൽ ഉയർന്ന സാഹചര്യത്തിലാണ് തങ്ങളുടെ അഞ്ചോളം താരങ്ങളെ വിൽക്കാൻ പി എസ് ജി തയ്യാറെടുക്കുന്നത്. ഫ്രഞ്ച് മാധ്യമമായ ലേ പാരീസിയന്റെ റിപ്പോർട്ട് പ്രകാരം ജൂലിയൻ ഡ്രാക്സ്ലർ, പാബ്ലോ സരാബിയ, റാഫീഞ്ഞ അൽകാൻട്ര, ലയ്വിൻ കുർസാവ, തിലോ കെഹ്രർ എന്നിവരെയാണ് പി എസ് ജി വിൽപ്പനക്ക് വെക്കുക. എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകം അതിന്റെ അവസാന നാളുകളിലേക്ക് കടക്കുന്നതിനാൽ ഇവരിൽ ആരെയൊക്കെ വിൽക്കാൻ ഫ്രഞ്ച് ക്ലബ്ബിന് കഴിയുമെന്ന് കണ്ടറിയണം.