എംബാപ്പെക്ക് പി എസ്ജിയുമായുള്ളത് ആഴത്തിലുള്ള ബന്ധം, അദ്ദേഹം ക്ലബ്ബ് വിടുമെന്ന് കരുതുന്നില്ലെന്നും ലിയൊണാഡോ

ഫ്രഞ്ച് സൂപ്പർ താരം കെയ്ലിൻ എംബാപ്പെക്ക് പി എസ് ജിയുമായി വളരെ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ഈ സീസണിനൊടുവിൽ അദ്ദേഹം ക്ലബ്ബ് വിടുമെന്ന് താൻ കരുതുന്നില്ലെന്നും പാരീസ് സെന്റ് ജെർമ്മന്റെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയൊണാഡോ. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന തരത്തിൽ പലവിധ അഭ്യൂഹങ്ങളും ഉയർന്നിരുന്നെങ്കിലും ഈ നീക്കം നടന്നിരുന്നില്ല. എന്നാൽ അടുത്ത വർഷം പി എസ് ജിയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റാകുന്നതോടെ താരം സ്പാനിഷ് ക്ലബ്ബിൽ ചേർന്നേക്കുമെന്നുള്ള സൂചനകൾ ശക്തമാണ്. ഈ സാഹചര്യത്തിലാണ് എംബാപ്പെ ക്ലബ്ബ് വിട്ട് പോകില്ലെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ലിയൊണാഡോ മുന്നോട്ട് വന്നിരിക്കുന്നത്.
"ഈ സീസണിന്റെ അവസാനത്തിൽ എംബാപ്പെ ക്ലബ്ബ് വിടുന്നത് താൻ കാണുന്നില്ല. കെയ്ലിൻ ഇല്ലാതെയുള്ള പി എസ് ജിയുടെ ഭാവിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. പാരീസ് സെന്റ് ജെർമ്മനുമായുള്ള കെയ്ലിന്റെ ബന്ധം വളരെ ആഴത്തിലുള്ളതാണ്. അത് കൊണ്ടാണ് ഞങ്ങൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാത്തത്."
"കെയ്ലിൻ പല കാര്യങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. അദ്ദേഹം ഫ്രഞ്ചുകാരനായത് കൊണ്ടോ ലോകത്തെ ഏറ്റവും മികച്ച താരമായത് കൊണ്ടോ മാത്രമല്ല അത്. നമുക്ക് ഇഷ്ടപ്പെടുന്ന, എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു രീതിയാണ് അവനുള്ളത്." ഫ്രഞ്ച് മാധ്യമമായ കനൽ പ്ലസിനോട് സംസാരിക്കവെ ലിയൊണാഡോ വ്യക്തമാക്കി.
Paris St-Germain sporting director Leonardo says the striker's relationship with the club is "deep".
— BBC Sport (@BBCSport) September 15, 2021
അതേ സമയം 2017 മുതൽ പി എസ് ജിക്ക് വേണ്ടി കളിക്കുന്ന എംബാപ്പെ ക്ലബ്ബിനായി ഇതു വരെ 176 മത്സരങ്ങളിലാണ് ജേഴ്സിയണിഞ്ഞിട്ടുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 136 ഗോളുകൾ നേടിയിട്ടുള്ള ഈ ഇരുപത്തിരണ്ടുകാരൻ, 63 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.