അർജന്റീന ടീമിൽ സ്ഥാനമുറപ്പുള്ളത് മെസിക്കു മാത്രം, താരത്തിനായി ലോകകിരീടം നേടണമെന്ന് പരഡെസ്
By Sreejith N

ലയണൽ മെസിക്കു വേണ്ടി 2022ലെ ലോകകപ്പ് കിരീടം നേടുമെന്ന് അർജന്റീന മധ്യനിരതാരം ലിയാൻഡ്രോ പരഡെസ്. ഖത്തറിൽ വെച്ച് നടക്കുന്ന ലോകകപ്പ് കിരീടം നേടാനായാൽ സ്വയം സന്തോഷിക്കുന്നതിനേക്കാൾ മെസിയെ ആലോചിച്ചായിരിക്കും തനിക്ക് വളരെയധികം സന്തോഷം ലഭിക്കുകയെന്നും പറഞ്ഞ പിഎസ്‌ജി താരം അർജന്റീന ടീമിൽ മെസിക്ക് മാത്രമേ സ്ഥാനം ഉറപ്പുള്ളൂവെന്നും പറഞ്ഞു.
"ഞങ്ങൾ ഇത്തവണ ലോകകപ്പ് നേടിയാൽ സ്വയം ഉണ്ടാകുന്ന സന്തോഷത്തേക്കാൾ മെസിയെക്കുറിച്ച് ആലോചിച്ചായിരിക്കും ഞാൻ സന്തോഷിക്കുക. ഇതു മെസിയുടെ അവസാനത്തെ ലോകകപ്പ് ആയിരിക്കില്ലെന്നാണ് പ്രതീക്ഷ. ലോകകപ്പിൽ കളിക്കാൻ നാല് വർഷങ്ങൾ കടന്നു പോവുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. താരത്തെ നമ്പർ ഫൈവ് പൊസിഷനിൽ കളിപ്പിക്കുകയാണെങ്കിൽ ഞാൻ പുറകോട്ടു പോകാം." റേഡിയോ ലാ റെഡിനോട് പരഡെസ് പറഞ്ഞു.
Leandro Paredes: "If we win the World Cup, I would be happier for Messi than I would be for myself." This via @radiolared. pic.twitter.com/G96eoBJkV6
— Roy Nemer (@RoyNemer) June 6, 2022
"എനിക്ക് ലഭിക്കുന്ന പിന്തുണ മനസിലാകുന്നുണ്ടെങ്കിലും ഞാൻ സ്റ്റാർട്ടർ ആയിരിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അങ്ങിനെ ഒരാൾ മാത്രമുള്ളത് ലിയോ മെസിയാണ്. മറ്റുള്ള എല്ലാവരും ദേശീയ ടീമിന്റെ തലത്തിൽ എത്തിയെന്ന് തെളിയിക്കണം. മാർട്ടിനസ്, റൊമേരോ, ഡി പോൾ, ലോ സെൽസോ, ലൗറ്റാറോ എന്നിവരെല്ലാം വളരെ നാളുകളായി മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാൽ മെസിയുടെ സ്ഥാനം മാത്രമേ തർക്കമില്ലാതുള്ളൂ." പരഡെസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം കോപ്പ അമേരിക്കയും ഈ മാസത്തിന്റെ തുടക്കത്തിൽ ഫിനാലിസിമയും വിജയിച്ച അർജന്റീനക്ക് ലോകകപ്പിനു പോകുമ്പോൾ വലിയ പ്രതീക്ഷകൾ ബാക്കി നിൽക്കുന്നുണ്ട്. 2014 ലോകകപ്പിൽ ഫൈനലിലെത്തിയ ടീം കഴിഞ്ഞ തവണ പ്രീ ക്വാർട്ടറിൽ തോറ്റെങ്കിലും ഇത്തവണ കൂടുതൽ കരുത്തോടെയാണ് ടൂർണ്ണമെന്റിനായി തയ്യാറെടുക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.