"മെസിക്കെന്നെ കൊല്ലണമായിരുന്നു"- അർജന്റീന നായകനുമായി കളത്തിലുണ്ടായ സംഘർഷം വെളിപ്പെടുത്തി പരഡെസ്
By Sreejith N

പിഎസ്‌ജിയുടെ അർജന്റീന താരമായ ലിയാൻഡ്രോ പരഡെസും മെസിയും തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്. ബാഴ്‌സ വിട്ട മെസിയെ പിഎസ്‌ജിയിൽ എത്തിക്കാനും താരം വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ ഈ സൗഹൃദത്തിനു മുൻപ് മെസിയുമായി ചെറിയൊരു സംഘർഷം നടന്നതിന്റെ കഥ കഴിഞ്ഞ ദിവസം പരഡെസ് വെളിപ്പെടുത്തുകയുണ്ടായി.
2020-21 സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരം കളിക്കാൻ ബാഴ്‌സലോണയുടെ മൈതാനമായ ക്യാമ്പ് നൂവിൽ പിഎസ്‌ജി എത്തിയപ്പോഴാണ് മെസിയും പരഡെസും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായത്. ബാഴ്‌സലോണ 1-4 എന്ന സ്കോറിനു തോൽവി നേരിട്ട ആ മത്സരത്തിൽ ഫൗൾ ചെയ്‌തതിനു ശേഷം പരഡെസ് പറഞ്ഞ ഒരു കമന്റാണ് മെസിക്കു ദേഷ്യം വരാൻ കാരണമായത്.
Messi was furious with Paredes during a Barcelona-PSG match 😬https://t.co/gODNlFCNpL
— MARCA in English (@MARCAinENGLISH) June 18, 2022
"താരത്തിന് പെട്ടന്നു ദേഷ്യം വന്നു, കാരണം ഞാനെന്റെ ടീമിലെ താരത്തോടു പറഞ്ഞ ഒരു കമന്റ് അദ്ദേഹം കേട്ടതാണ് അതിനു കാരണം. മെസി ശരിക്കും ദേഷ്യത്തിലായിരുന്നു. ഞാൻ ശരിക്കും കുടുങ്ങിപ്പോയി, അതൊരു മോശം അവസ്ഥയും ആയിരുന്നു. മെസിക്കെന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായപ്പോൾ എനിക്ക് എങ്ങിനെയെങ്കിലും വീട്ടിൽ പോകാനായിരുന്നു ആഗ്രഹം." കാജാ നെഗ്രയോട് പരഡെസ് പറഞ്ഞു.
അതേസമയം അന്നത്തെ മത്സരത്തിനിടെ പറഞ്ഞ കമന്റ് എന്തായിരുന്നുവെന്ന് പരഡെസ് വെളിപ്പെടുത്തിയില്ല. അന്നുണ്ടായത് ഒരു മോശം അനുഭവമായിരുന്നു എങ്കിലും അത് കൂടുതൽ പ്രശ്‌നങ്ങളൊന്നും സൃഷ്‌ടിച്ചില്ല. പിന്നീട് അർജന്റീന ടീമിൽ വെച്ചു കണ്ടപ്പോൾ മെസി വളരെ സാധാരണമായാണ് പെരുമാറിയതെന്നും പരഡെസ് പറഞ്ഞു.
"അതിനു ശേഷം ദേശീയ ടീമിൽ വെച്ച് താരത്തെ കണ്ടപ്പോൾ ഒന്നും സംഭവിക്കാത്തതു പോലെയാണ് താരം പ്രതികരിച്ചത്. ഒരു നല്ല വ്യക്തിയാണെന്നു കാണിച്ചു തന്ന താരവുമായുള്ള ബന്ധം അങ്ങിനെ തുടർന്നു. ഇപ്പോൾ ആ സംഭവം സംസാരത്തിൽ വരുമ്പോൾ ഞങ്ങൾ ചിരിക്കുകയാണ് ചെയ്യാറുള്ളത്." പരഡെസ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.