പിഎസ്‌ജി മുന്നേറ്റനിര ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ നേരിടുന്ന പ്രധാന വെല്ലുവിളി വെളിപ്പെടുത്തി പരഡെസ്
By Sreejith N

മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങി ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ മുന്നേറ്റനിരയിൽ കളിച്ചിട്ടും ഈ സീസണിൽ പിഎസ്‌ജിക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ടീം ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് മുന്നേറിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ നീസിനോട് തോറ്റ് ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തായത് ടീമിന്റെ ദൗർബല്യങ്ങളെ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പിഎസ്‌ജി ടിവിയോട് സംസാരിക്കുമ്പോൾ ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ പിഎസ്‌ജി മുന്നേറ്റനിര നേരിടുന്ന പ്രധാന വെല്ലുവിളി എന്താണെന്നതിനെക്കുറിച്ച് ടീമിന്റെ മധ്യനിര താരമായ ലിയാൻഡ്രോ പരഡെസ് വെളിപ്പെടുത്തുകയുണ്ടായി. ലീഗ് വണിലെ ടീമുകളിൽ ഭൂരിഭാഗവും അവരുടെ പകുതിയിൽ തന്നെ നിന്നു പ്രതിരോധിക്കുന്ന ശൈലി അവലംഭിക്കുന്നതാണ് ടീമിന്റെ മുന്നേറ്റനിരക്ക് കാര്യങ്ങൾ വളരെ ദുഷ്‌കരമാക്കുന്നതെന്നാണ് അർജന്റീനിയൻ താരം പറയുന്നത്.
"ഞങ്ങൾക്കെതിരെ കളിക്കുന്ന ടീമുകൾ ലോ ബ്ലോക്ക് ഡിഫൻസ് ശൈലിയിൽ വളരെ കടുപ്പമേറിയ പ്രതിരോധം കാഴ്‌ച വെക്കുന്നതു മൂലം ഞങ്ങൾക്ക് സ്‌പേസുകൾ കണ്ടെത്താനും അവസരങ്ങൾ സൃഷ്‌ടിച്ചെടുക്കാനും വളരെ ബുദ്ധിമുട്ടാണ്. പക്ഷെ ഞങ്ങൾക്കിതു ശീലമാണ്. ഈ ലോ ബ്ലോക്ക് ഡിഫെൻസിനെ മറികടക്കുന്നതിനു വേണ്ടിയും അല്ലാതെയും ഞങ്ങൾ മെച്ചപ്പെടാൻ ശ്രമിക്കും." പരഡെസ് പറഞ്ഞു.
വമ്പൻ താരങ്ങൾ വന്നതിന്റെ ഭാഗമായി പ്രതീക്ഷിച്ച പ്രകടനം നടത്താൻ പിഎസ്‌ജിക്ക് കഴിയുന്നില്ലെങ്കിലും ലീഗ് വണിൽ ടീം ഒന്നാം സ്ഥാനത്തു തന്നെയാണ് ടീം നിൽക്കുന്നത്. ലീഗിൽ ഇരുപത്തിരണ്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 53 പോയിന്റ് നേടിയ പിഎസ്‌ജിക്കു പത്തു പോയിന്റ് പിന്നിലാണ് രണ്ടാം സ്ഥാനത്തുള്ള മാഴ്‌സ. ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ലീഗ് ചാമ്പ്യന്മാരായ ലില്ലെയെയാണ് പിഎസ്‌ജി നേരിടാൻ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.