"ലയണൽ മെസിക്കൊപ്പം കളിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നു"- വെളിപ്പെടുത്തലുമായി ലിയാൻഡ്രോ പരഡെസ്
By Sreejith N

ലയണൽ മെസിക്കൊപ്പം കളിക്കുന്ന ഓരോ നിമിഷവും താൻ ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്ന് പിഎസ്‌ജിയുടെ അർജന്റീനിയൻ മധ്യനിര താരം ലിയാൻഡ്രോ പരഡെസ്. ക്ലബ് തലത്തിലും ദേശീയ തലത്തിലും മെസിക്കൊപ്പം കളിക്കളം പങ്കിടാൻ അവസരം ലഭിച്ച താരം ഇക്കഴിഞ്ഞ സമ്മറിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റ് കിരീടം അർജന്റീന നേടാൻ നിർണായക പങ്കു വഹിച്ച താരമാണ്.
"ഞങ്ങൾ ഒരുമിച്ചുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിക്കുന്നു. അത് ദേശീയ ടീമിലായാലും പാരിസിലായാലും. എല്ലാ ദിവസവും പരിശീലനത്തിലും, ഡ്രസിങ് റൂമിലും അത് ഞാൻ അനുഭവിക്കുന്നു. കളിക്കളത്തിലും പുറത്തും ഞങ്ങളത് ആസ്വദിക്കുകയാണ്. എന്നെ സംബന്ധിച്ച് അത് അവിശ്വസനീയമാണ്, എല്ലാ നിമിഷവും ഞാൻ മുഴുവനായും ആസ്വദിക്കുന്നു." പിഎസ്‌ജി ടിവിയോട് സംസാരിക്കുമ്പോൾ പരഡെസ് പറഞ്ഞു.
ഇരുപത്തിയെട്ടു വർഷത്തിനു ശേഷം അർജന്റീനക്കും സീനിയർ കരിയറിൽ ആദ്യമായി മെസിക്കും ഒരു ഇന്റർനാഷണൽ കിരീടം നേടിക്കൊടുക്കാൻ പങ്കു വഹിച്ച താരമായ പരഡെസ് ലയണൽ സ്‌കലോണിയുടെ അർജന്റീന ടീമിലെ സ്ഥിരസാന്നിധ്യമാണ്. ഈ സീസണിൽ പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ മെസിക്കൊപ്പം മറ്റൊരു ചരിത്രനേട്ടം കൂടിയാണ് താരത്തിനു സ്വന്തമാക്കാൻ കഴിയുക.
അതേസമയം ജനുവരി ജാലകത്തിൽ പരഡെസ് പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതത്ര സജീവമല്ല. ഇറ്റാലിയൻ ലീഗിലേക്ക് താൻ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് പരഡെസ് തന്നെ രംഗത്തു വന്നിരുന്നു. പിഎസ്‌ജിക്കൊപ്പം തുടരാനാണ് തനിക്കു താല്പര്യമെന്നാണ് താരം അഭ്യൂഹങ്ങളോട് പ്രതികരിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.