Football in Malayalam

'മൈതാനം മോശമായിരുന്നെങ്കിലും ഞങ്ങൾ ശ്രമിച്ചു' - പാരഗ്വായ്‌ക്കെതിരെ നടന്നത് മികച്ച മത്സരമായിരുന്നുവെന്ന് പരഡെസ്

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-PAR-ARG
FBL-WC-2022-SAMERICA-QUALIFIERS-PAR-ARG / NORBERTO DUARTE/GettyImages
facebooktwitterreddit

പാരഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അവരുടെ മൈതാനത്ത് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നെങ്കിലും മികച്ചൊരു മത്സരമാണ് അർജന്റീന പൂർത്തിയാക്കിയതെന്ന് ടീമിലെ മധ്യനിര താരമായ ലിയനാർഡോ പരഡെസ്. ഇന്റർ മിലാൻ താരമായ ലൗടാരോ മാർട്ടിനസിനു പരിക്കു പറ്റിയതു കൊണ്ട് ജൊവാക്വിൻ കൊറേയയെ സ്‌കലോണി ഇറക്കിയ മത്സരത്തിൽ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളുകൾ നേടാൻ കഴിയാഞ്ഞതാണ് അർജന്റീനക്ക് വിജയം നിഷേധിച്ചത്.

മത്സരത്തിൽ ജിയോവാനി ലോ സെൽസോ, റോഡ്രിഗോ ഡി പോൾ, പരഡെസ് എന്നിവർ മധ്യനിരയിൽ ഇറങ്ങിയതിൽ പിഎസ്‌ജി താരം മാത്രമാണ് അവസാനം വരെ കളിക്കളത്തിൽ ഉണ്ടായിരുന്നത്. മറ്റു രണ്ടു മധ്യനിര താരങ്ങളെയും രണ്ടാം പകുതിയിൽ പരിശീലകൻ പിൻവലിച്ചിരുന്നു. മത്സരത്തിലുടനീളം പതിനാലു ഷോട്ടുകൾ അർജന്റീന ഉതിർത്തെങ്കിലും ഗോൾകീപ്പർ ആന്റണി സിൽവ നടത്തിയ തകർപ്പൻ പ്രകടനവും സമനില നേടാൻ പരാഗ്വയെ സഹായിച്ചു.

"ഞങ്ങൾ മൂന്നു പോയിന്റുകൾ നേടുന്നതിനു വേണ്ടി കളിച്ച മത്സരമായതു കൊണ്ടു തന്നെ വിചിത്രമായ വികാരമാണ് അതിനു ശേഷമുണ്ടായത്. ഒരുപാട് അവസരങ്ങൾ ഞങ്ങൾ സൃഷ്‌ടിച്ചിരുന്നു എങ്കിലും ഒന്നും ഫലവത്തായില്ല. വല്ലപ്പോഴുമുണ്ടായ കൌണ്ടർ അറ്റാക്കുകളിലല്ലാതെ ഞങ്ങൾക്ക് ഭീഷണിയൊന്നും ഉണ്ടായതുമില്ല. എന്നാൽ ഞങ്ങൾ തോറ്റില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണ്."

"മൈതാനം നല്ല അവസ്ഥയിൽ ആയിരുന്നില്ലെങ്കിലും ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്‌തു, പോയിന്റും ലഭിക്കുകയുണ്ടായി. ഗോൾ നേടുന്നതിലാണ് ഞങ്ങൾ പുറകോട്ടു പോയത്, മത്സരം വളരെ മികച്ചതായിരുന്നു." അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ടിനോട് മത്സരത്തിനു ശേഷം സംസാരിക്കുമ്പോൾ പരഡെസ് വ്യക്തമാക്കി.

മത്സരത്തിൽ സമനില വഴങ്ങിയതോടെ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ ബ്രസീലിനു പിന്നിൽ രണ്ടാമതാണ് അർജന്റീന. ഒൻപതു യോഗ്യത മത്സരങ്ങളിൽ അഞ്ചു ജയവും നാല് സമനിലയും നേടി പത്തൊൻപതു പോയിന്റുമായി അർജന്റീന രണ്ടാമത് നിൽക്കുമ്പോൾ ഒൻപതിൽ ഒൻപതും വിജയിച്ച ബ്രസീലിന് ഇരുപത്തിയേഴു പോയിന്റാണുള്ളത്.


facebooktwitterreddit