Football in Malayalam

എംബാപ്പെക്ക് മെസിയെക്കാൾ സാമ്യം റൊണാൾഡോയുമായാണെന്ന് അർജന്റീനിയൻ താരം പരഡെസ്

Sreejith N
FBL-EUR-NATIONS-FRA-POR
FBL-EUR-NATIONS-FRA-POR / FRANCK FIFE/Getty Images
facebooktwitterreddit

ലോകഫുട്ബോളിന്റെ ഉന്നതികളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഫ്രഞ്ച് മുന്നേറ്റനിര താരം കെയ്‌ലിയൻ എംബാപ്പെക്ക് മെസിയെക്കാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായാണ് സാമ്യമെന്ന് പിഎസ്‌ജിയുടെ അർജന്റീനിയൻ മധ്യനിര താരമായ ലിയനാർഡോ പരഡെസ്. മെസിയോടൊപ്പം കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനയ്ക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന പരഡെസ് ബ്രസീലിയൻ താരമായ നെയ്‌മറെയും മെസിയെയും സമാനമായ ശൈലിയുള്ള കളിക്കാരായാണ് വിലയിരുത്തുന്നത്.

"ഒരു കളിക്കാരനെന്ന നിലയിൽ എംബാപ്പെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായാണ് കൂടുതൽ ചേർന്നു നിൽക്കുകയെന്നാണ് എനിക്കു തോന്നുന്നത്. വളരെയധികം അത്‌ലറ്റികായ, കായികപരമായി മികവുള്ള താരങ്ങൾ. നെയ്‌മർക്കും മെസിക്കും റൊണാൾഡോ, എംബാപ്പെ എന്നിവരിൽ നിന്നും വ്യത്യസ്‌തമായ പ്രതിഭയുണ്ടെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ കായികപരമായി അവർ കൂടുതൽ മികച്ചവരാണ്, അവർക്കുള്ള ഗുണങ്ങളെക്കുറിച്ചും നമ്മൾ പറയേണ്ടിയിരിക്കുന്നു." അർജന്റീനിയൻ മാധ്യമം ഒലെ സ്പോർട്സിനോട് പരഡെസ് പറഞ്ഞു.

ബൊക്ക ജൂനിയേഴ്‌സ്, റോമ, സെനിത് ക്ലബുകളിൽ കളിച്ചതിനു ശേഷം 2019 ജനുവരിയിൽ ഫ്രഞ്ച് ക്ലബിലെത്തിയ പരഡെസ് ലോകഫുട്ബോളിലെ സൂപ്പര്താരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ അനുഭവവും പങ്കുവെച്ചു. "നമ്മൾ ടീമിലെത്തുന്നതിനു മുൻപ് അതു വളരെ ബുദ്ധിമുട്ടുണ്ടാക്കും. അവർ എങ്ങിനെയായിരിക്കും, നമ്മളെ എങ്ങിനെ സ്വീകരിക്കും പരിഗണിക്കും എന്നെല്ലാം ആലോചിച്ച് സമ്മർദ്ദത്തിലാകും."

"എന്നാൽ എനിക്കു ഭാഗ്യമുള്ളതു കൊണ്ട് അവർ ഏറ്റവും നല്ല രീതിയിലാണ് എന്നെ സ്വീകരിച്ചത്. എനിക്ക് അശ്വാസമുണ്ടാക്കുന്ന തരത്തിൽ പരിഗണിച്ച ഇരു താരങ്ങളുമായും എനിക്ക് മികച്ച ബന്ധമാണുള്ളത്. അവർക്കൊപ്പം കളിക്കുന്നതും ഡ്രസിങ് റൂം ഷെയർ ചെയ്യുന്നതുമെല്ലാം ഞാൻ വളരെയധികം ആസ്വദിക്കുന്നു." താരം വ്യക്തമാക്കി.

കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച അർജന്റീനക്കൊപ്പം അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയെ നേരിടാൻ ഒരുങ്ങുകയാണ് പരഡെസ്. നെയ്‌മറുടെ മികവിൽ മികച്ച പ്രകടനം തുടരുന്ന ബ്രസീലും ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അതേസമയം എംബാപ്പെക്ക് ഇതുവരെയും ഗോൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും യൂറോ ക്വാർട്ടറിലെത്തിയ ഫ്രാൻസ് സ്വിറ്റർലാൻഡിനെയാണ് നേരിടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit