Football in Malayalam

പാരച്യൂട്ടുമായി മൈതാനത്ത് സാഹസിക പ്രതിഷേധം, ജർമനി-ഫ്രാൻസ് മത്സരത്തിനു മുൻപ് വൻ അപകടം ഒഴിവായത് തലനാരിഴക്ക്

Sreejith N
France v Germany - UEFA Euro 2020: Group F
France v Germany - UEFA Euro 2020: Group F / Lukas Barth-Tuttas - Pool/Getty Images
facebooktwitterreddit

ഫ്രാൻസും ജർമനിയും തമ്മിൽ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിനു മുൻപ് വലിയൊരു അപകടം നേരിയ വ്യത്യാസത്തിൽ ഒഴിവായതിന്റെ ആശ്വാസത്തിലാണ്‌ കാണികളും താരങ്ങളും. മത്സരത്തിനായി ഇരുടീമുകളും തയ്യാറെടുത്തു കൊണ്ടിരിക്കുന്നതിനിടെ പ്രതിഷേധത്തിന്റെ ഭാഗമായി പാരച്യൂട്ടുമായി സ്റ്റേഡിയത്തിലേക്ക് പറന്നിറങ്ങിയ വ്യക്തി ഒരു ഘട്ടത്തിൽ ആരാധകർക്കിടയിൽ വീഴുമെന്ന അവസ്ഥയുണ്ടായെങ്കിലും തലനാരിഴക്ക് വലിയൊരു അപകടം ഒഴിവാവുകയായിരുന്നു.

ഒരു പാരിസ്ഥിതിക സംഘടനക്കു വേണ്ടി പ്രവർത്തിക്കുന്നയാളാണ് തന്റെ പ്രതിഷേധമറിയിക്കാൻ മത്സരം നടന്ന ബയേൺ മ്യൂണിക്കിന്റെ മൈതാനമായ അലയൻസ് അരീനയിലേക്ക് പറന്നിറങ്ങാൻ ശ്രമിച്ചത്. പെട്രോളിയം ഉപയോഗത്തിനെതിരായ സന്ദേശം എഴുതിയ പാരച്യൂട്ടുമായി സ്റേഡിയത്തിനുള്ളിൽ പറന്ന ഇദ്ദേഹത്തിനു വിനയായത് മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന സ്പൈഡർ ക്യാമായിരുന്നു.

സ്റ്റേഡിയത്തിലേക്ക് ഇറങ്ങുന്നതിനിടെ സ്പൈഡർ ക്യാമിൽ കുടുങ്ങിയ പാരച്യൂട്ട് അതോടെ നിയന്ത്രണം വിട്ടു. തുടർന്ന് ഭീതിയുയർത്തുന്ന തരത്തിൽ സ്റ്റേഡിയത്തിൽ പറന്ന ഇദ്ദേഹം ഒരു ഘട്ടത്തിൽ കാണികൾക്കിടയിൽ ഇടിച്ചു വീഴുമെന്നു തോന്നിയെങ്കിലും നേരിയ വ്യത്യാസത്തിൽ അതിൽ നിന്നും രക്ഷപ്പെട്ടു മൈതാനത്തു തന്നെ വീഴുകയായിരുന്നു.

മത്സരത്തിന്റെ കിക്ക് ഓഫിന് വേണ്ടി കളിക്കാൻ അണിനിരന്നു കൊണ്ടിരിക്കെ മൈതാനത്തു വീണ ഇദ്ദേഹത്തെ അധികൃതർ അവിടെ നിന്നും മാറ്റി. ഗ്രീൻപീസ് ഇവിയെന്ന സംഘടനയിൽ പ്രവർത്തിക്കുന്ന ഇയാൾ യൂറോ കപ്പ് സ്പോൺസർമാരിൽ ഒരാളായ വോക്‌സ്‌വാഗണെതിരെയാണ് പ്രതിഷേധിക്കാൻ ശ്രമിച്ചതെന്ന് സംഘടന തന്നെ പിന്നീട് ട്വിറ്ററിൽ കുറിച്ചു.

വലിയൊരു അപകടം നേരിയ വ്യത്യാസത്തിന് ഒഴിവായെങ്കിലും മത്സരത്തെ അത് യാതൊരു തരത്തിലും ബാധിച്ചില്ല. സ്പൈഡർക്യാമിൽ തട്ടി പാരച്യൂട്ടിന്റെ ലാൻഡിങ് ഗിയറിൽ തകരാറു സംഭവിച്ചതാണ് അപകടത്തിന് കാരണമായത്. ഇയാൾക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit