മെസിക്കൊപ്പം നിൽക്കാൻ കഴിയുന്നതൊരു വരദാനം, താരത്തെ ലോകകപ്പ് നേടാൻ സഹായിക്കുക ലക്ഷ്യമെന്ന് പപ്പു ഗോമസ്


ലയണൽ മെസിക്കൊപ്പം കളിക്കാനും ഡ്രസിങ് റൂം പങ്കിടാനും കഴിയുന്നത് ഒരു വരദാനമാണെന്ന് അർജന്റീന സഹതാരമായ അലസാൻഡ്രോ 'പപ്പു' ഗോമസ്. യുറുഗ്വായ്ക്കെതിരെ നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരത്തിനു മുന്നോടിയായി ഫിഫ വെബ്സൈറ്റിനോട് സംസാരിക്കുമ്പോൾ മെസിക്ക് ലോകകിരീടം നേടാൻ സഹായിക്കുക തങ്ങളുടെ ലക്ഷ്യമാണെന്നും സെവിയ്യ താരം പറഞ്ഞു.
"ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് പ്രധാന താരവും ഒന്നാം നമ്പറും. ഞങ്ങൾക്ക് ജീവിതത്തിലെ ഏറ്റവുമടുത്ത ഒരാളെന്ന തോന്നലുണ്ടാക്കിപ്പിക്കാൻ മെസിക്കു കഴിഞ്ഞിട്ടുണ്ട്. അതൊരു വരദാനമാണ്, ഞങ്ങൾ അദ്ദേഹത്തോടൊപ്പമുള്ളപ്പോൾ ആസ്വദിക്കുന്ന കാര്യം. ഫുട്ബോളിൽ അദ്ദേഹത്തിനായി വിശേഷണങ്ങളൊന്നും തന്നെ ബാക്കിയില്ല. ദൈനംദിന ജീവിതത്തിലും പല സന്ദർഭങ്ങളിലും അദ്ദേഹത്തെ കാണുന്നത് ആവേശമാണ്."
"നമ്മൾ അദ്ദേഹത്തിൽ നിന്നും പലതും മനസിലാക്കാൻ ശ്രമിക്കും, എന്നാൽ ഒരു ജീനിയസിനെ അനുകരിക്കുക പ്രയാസമാണ്. അവർ പ്രത്യേക കഴിവുകളുള്ളവരും അമ്പതു വർഷത്തിലൊരിക്കൽ മുന്നോട്ടു വരുന്നവരുമാണ്. അദ്ദേഹം സ്വന്തം കാര്യങ്ങൾ ചെയ്യുന്ന സമയത്ത് ചിലപ്പോഴൊക്കെ ഞങ്ങൾ ചിരിക്കും, എന്നാൽ താരത്തിനൊപ്പം തുടരുമ്പോൾ ഏറ്റവുമധികം ആസ്വദിക്കുന്നത് ചെറിയ കാര്യങ്ങൾ വളരെ വിശദമായി പങ്കു വെക്കുന്നതാണ്."
"ലോകകപ്പ് വിജയത്തിന്റെ അടുത്തു വരെ താരം എത്തിയിരുന്നു, ഒരൊറ്റ മത്സരം മാത്രമെന്ന നിലയിൽ. ഇത്തവണത്തെ ലോകകപ്പ് തീർത്തും വ്യത്യസ്തമായിരിക്കും, നവംബറിൽ നടക്കുന്ന ടൂർണമെന്റ് പ്രായം പരിഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ അവസാനത്തേത് ആയിരിക്കാനും സാധ്യതയുണ്ട്. അർജന്റീന മികച്ച രീതിയിൽ തന്നെയാണ് അതിനു തയ്യാറെടുക്കുന്നതും. കോപ്പ അമേരിക്ക വിജയിച്ചതു കൊണ്ട് ഞങ്ങൾക്കു മേലുള്ള പ്രതീക്ഷകൾക്ക് നന്ദി."
"എല്ലാ അർജന്റീനക്കാർക്കും സഹതാരങ്ങൾക്കും മെസിയെ സഹായിക്കണം, ഞങ്ങൾക്ക് അദ്ദേഹം ലോകകപ്പ് വിജയിക്കാനുള്ള അവസരവും ഒരുക്കിക്കൊടുക്കണം. ഞങ്ങളോട് മെസി ഒന്നും ആവശ്യപ്പെട്ടിട്ടില്ല, പക്ഷെ ഞങ്ങൾക്കതറിയാം," പപ്പു ഗോമസ് വ്യക്തമാക്കി.
കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണ്ണമെന്റിലാണ് മെസിയും ഗോമസും ആദ്യമായി കളിക്കുന്നത്. ഗോമസ് രണ്ടു മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂവെങ്കിലും രണ്ടു ഗോളും ഒരു അസിസ്റ്റുമായി കിരീടത്തിലേക്കുള്ള യാത്രയിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.