Football in Malayalam

മെസിയൊരു യഥാർത്ഥ ലീഡറാണ്, കോപ്പ അമേരിക്ക ഫൈനലിൽ താരത്തിന്റെ വാക്കുകൾ കരയിപ്പിച്ചുവെന്ന് പപ്പു ഗോമസ്

Sreejith N
Bolivia v Argentina: Group A - Copa America Brazil 2021
Bolivia v Argentina: Group A - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

ലയണൽ മെസിയൊരു യഥാർത്ഥ ലീഡറാണെന്നും ഈ സമ്മറിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിനു മുൻപ് താരം നടത്തിയ വൈകാരികമായ സംഭാഷണം തന്നെ കരയിപ്പിച്ചുവെന്നും വെളിപ്പെടുത്തി അർജന്റീനയുടെയും സെവിയ്യയുടെയും താരമായ അലസാൻഡ്രോ ഗോമസ്. കഴിഞ്ഞ സീസണിനിടയിൽ അറ്റലാന്റയിൽ നിന്നും സെവിയ്യയിലേക്ക് ചേക്കേറിയ ഗോമസ് ലാ നാസിയോണ് നൽകിയ അഭിമുഖത്തിലാണ് മെസിയെക്കുറിച്ച് സംസാരിച്ചത്.

"ഫൈനലിനു മുൻപ് മെസി സംസാരിക്കാൻ തുടങ്ങിയപ്പോൾ, എന്താണ് താരം പറഞ്ഞതെന്ന് എനിക്ക് കൃത്യമായി ഓർക്കാൻ കഴിയുന്നില്ലെങ്കിലും ഞാനപ്പോൾ കരയുകയായിരുന്നു. പ്രയത്നത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാമാണ് മെസി സംസാരിച്ചത്. ആ സമയത്ത് ഒരു കൊച്ചു കുട്ടിയെപ്പോലെ എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകുകയായിരുന്നു."

"വളരെ സാധാരണക്കാരനായ, ലാളിത്വമുള്ള താരമാണ് മെസി. മറ്റെല്ലാവരുമായും വളരെയധികം സാമ്യതയുള്ള സഹതാരമാണ് മെസിയെന്ന് എനിക്ക് ഉറപ്പു പറയാൻ കഴിയും. എന്നാൽ മെസിയെന്ന കുടുംബപ്പേര് ഒപ്പമുള്ളതു കൊണ്ടു തന്നെ താരം വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുമെന്ന് പലരും കരുതുന്നു."

"ഒരു യഥാർത്ഥ ലീഡറും, എല്ലാ അർത്ഥത്തിലും നായകനുമാണ് മെസി. അദ്ദേഹം അതു കാണിച്ചു തരുന്നു, മാതൃക കാണിച്ച് നമ്മളെ നയിക്കുന്നു. മറഡോണയുമായി മെസിയെ താരതമ്യം ചെയ്യാനാണ് എല്ലാവർക്കും താൽപര്യം, അവർക്കദേഹം ചീത്ത പറയുകയും അടിയുണ്ടാക്കുകയും വേണം. എന്നാൽ ലിയോ അങ്ങിനെയല്ല. പക്ഷെ, സ്വകാര്യമായ ഒരു സ്ഥലത്ത് അതു ചെയ്യണമെങ്കിൽ താരം അതു ചെയ്‌തിരിക്കും. ദേഷ്യമോ എന്തെങ്കിലും പറയാനോ ഉണ്ടെങ്കിൽ നാല് ചുമരിനുള്ളിൽ വെച്ചാണ് മെസി അതു പറയുക." ഗോമസ് പറഞ്ഞു.

ലയണൽ മെസിയുടെ പിഎസ്‌ജി ട്രാൻസ്‌ഫർ വിശ്വസിക്കാൻ കഴിയാത്ത സംഭവമാണെന്നും ഗോമസ് പറഞ്ഞു. താരത്തിന്റെ ട്രാൻസ്‌ഫർ വിപ്ലവാത്മകമാണെന്നും ഫുട്ബോളിൽ തന്നെ ചരിത്രപരമായ ഒന്നായിരിക്കുമെന്നും പറഞ്ഞ ഗോമസ് ലയണൽ മെസിയുടെ സാന്നിധ്യം ഇരുപതോളം പോയിന്റുകൾ ടീമിന് നൽകുന്നതാണെന്നും കൂട്ടിച്ചേർത്തു.

facebooktwitterreddit