Football in Malayalam

ബ്രസീലും അർജന്റീനയും തമ്മിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നും അർജന്റീന താരം പപ്പു ഗോമസ് പുറത്ത്

Sreejith N
Paraguay v Argentina - FIFA World Cup 2022 Qatar Qualifier
Paraguay v Argentina - FIFA World Cup 2022 Qatar Qualifier / Christian Alvarenga/GettyImages
facebooktwitterreddit

ബ്രസീലിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നും അർജന്റീന മുന്നേറ്റനിര താരം അലസാൻഡ്രോ പപ്പു ഗോമസ് പുറത്ത്. മുട്ടിനേറ്റ പരിക്കാണ് സെവിയ്യ താരത്തിനു മത്സരം നഷ്‌ടമാകാൻ കാരണമായത്.

ഇൻസ്റ്റഗ്രാമിലൂടെ പപ്പു ഗോമസ് തന്നെയാണ് താൻ മത്സരത്തിന് ഉണ്ടാകില്ലെന്ന് അറിയിച്ചത്. മത്സരത്തിനുള്ള അർജന്റീന സ്‌ക്വാഡിനൊപ്പം താൻ യാത്ര ചെയ്‌തിട്ടില്ലെന്നും മുൻ അറ്റലാന്റ താരം വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ അറ്റലാന്റാക്കും സെവിയ്യക്കും വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കോപ്പ അമേരിക്ക മുതൽ ഗോമസ് അർജന്റീന ടീമിൽ സ്ഥിരമായി ഇടം പിടിക്കാൻ തുടങ്ങിയത്. കോപ്പ അമേരിക്കയിൽ രണ്ടു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കുകയും ചെയ്‌തിരുന്നു.

യുറുഗ്വായ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് ഗോമസ് ഇറങ്ങിയിരുന്നത്. പകരക്കാരനായാണ് താരത്തെ കൂടുതൽ പരിഗണിക്കുക എന്നതിനാൽ താരത്തിന്റെ അഭാവം അർജന്റീന ടീമിന്റെ ആദ്യ ഇലവനെ ബാധിക്കാൻ സാധ്യതയില്ല.

അതേസമയം ബ്രസീലിയൻ ടീമിൽ നെയ്‌മർ കളിക്കില്ലെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പരിശീലനത്തിനിടെ പരിക്കേറ്റ പിഎസ്‌ജി താരവും ടീമിനൊപ്പം യാത്ര ചെയ്‌തിട്ടില്ല. താരം അടുത്ത ദിവസം തന്നെ ഫ്രാൻസിലേക്ക് മടങ്ങിപ്പോകും.

ബ്രസീലിനെതിരെ വിജയം നേടി ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ കഴിയുമെന്ന ലക്ഷ്യത്തോടെയാണ് അർജന്റീന മത്സരത്തിനായി ഇറങ്ങുന്നത്. അതേസമയം 2019 മുതൽ പരാജയം അറിയാതെ കുതിക്കുന്ന അർജന്റീനയെ തോൽപിപ്പിക്കുകയെന്നതാണ് ബ്രസീലിന്റെ ലക്‌ഷ്യം.

facebooktwitterreddit