Football in Malayalam

ഫ്രഞ്ച് ലീഗിൽ മെസി പതറുന്നതിന്റെ കാരണം വ്യക്തമാക്കി അർജന്റീന സഹതാരം പപ്പു ഗോമസ്

Sreejith N
Uruguay v Argentina - FIFA World Cup Qatar 2022 Qualifier
Uruguay v Argentina - FIFA World Cup Qatar 2022 Qualifier / Ernesto Ryan/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം തന്റെ പ്രതിഭക്കനുസരിച്ച പ്രകടനം നടത്താൻ കഴിയതെ വിഷമിക്കുന്ന ലയണൽ മെസിയെ സംബന്ധിച്ച് വളരെ മോശം ദിവസങ്ങളാണ് കടന്നു പോയത്. റയൽ മാഡ്രിഡുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്‌ജി വിജയം നേടിയെങ്കിലും നിർണായകമായ ഒരു പെനാൽറ്റി പാഴാക്കിയ മെസി വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ഈ സീസണിൽ മോശം പ്രകടനം നടത്തുന്ന മെസിക്കെതിരെ ഫ്രാൻസിൽ വിമർശനങ്ങൾ ശക്തമാകുമ്പോൾ താരത്തിന് പിന്തുണ നൽകി പലരും ഇപ്പോൾ രംഗത്തു വരുന്നുണ്ട്. നേരത്തെ അഗ്യൂറോ, ഫാബ്രിഗാസ് എന്നിവർ ലയണൽ മെസിക്കെതിരെ ഉയരുന്ന വിമർശനങ്ങളോടു പ്രതികരിച്ചു രംഗത്തെത്തിയതിനു പുറമെ ഇപ്പോൾ അർജന്റീന സഹതാരം പപ്പു ഗോമസ് മെസി ഫ്രഞ്ച് ലീഗിൽ പതറുന്നതിന്റെ കാരണം വ്യക്തമാക്കുകയുണ്ടായി.

"ലയണൽ മെസി ഇരുപതോ വർഷങ്ങളോ അതിൽ കൂടുതലോ ബാഴ്‌സയിൽ ജീവിച്ച താരമാണ്. അതിനു പുറമെ പെട്ടന്നൊരു ദിവസം താരത്തിന് ക്ലബ് വിടേണ്ടതായും വന്നു. അങ്ങിനെ സംഭവിക്കുന്ന ഏതൊരു കളിക്കാരനും ഉണ്ടാകുന്ന കഷ്ടപ്പാടു മാത്രമാണിത്, അദ്ദേഹത്തിനത് ഇതുവരെ അനുഭവിക്കേണ്ടി വന്നിരുന്നില്ല." ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ പപ്പു ഗോമസ് പറഞ്ഞു.

"വീടുകൾ മാറുക, മറ്റൊരു വീട് നോക്കുക, ഒരു ഹോട്ടലിൽ ജീവിക്കുക, മക്കളെ അതിനോട് പൊരുത്തപ്പെടുത്താൻ ശ്രമിക്കുക, മറ്റൊരു ഭാഷ, മറ്റൊരു കാലാവസ്ഥ... ഈ മാറ്റങ്ങളോടെല്ലാം താരം ഇണങ്ങിച്ചേരേണ്ടതുണ്ട്. ചിലപ്പോൾ അത് കൂടുതലോ കുറവോ സമയം എടുത്തേക്കാം." പപ്പു ഗോമസ് വ്യക്തമാക്കി.

ഫ്രാൻസിലെ മാധ്യമങ്ങൾ അർജന്റീന നായകനെതിരെ നടത്തുന്ന വിമർശനങ്ങളോടും പപ്പു ഗോമസ് പ്രതികരിച്ചു. അവർ പരിധി വിടുന്നുണ്ടെന്നു പറഞ്ഞ ഗോമസ് കോപ്പ അമേരിക്കക്കു ശേഷം മെസിക്ക് പരിക്കിന്റെയും കോവിഡ് വന്നതിന്റെയെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും ആ സാഹചര്യം താരം ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും പറഞ്ഞു.

അതേസമയം വിമർശനങ്ങളുടെ ഇടയിലും മെസിയുടെ പ്രകടനം മെച്ചപ്പെട്ടു വരുന്നുണ്ടെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. തിരിച്ചടികൾ ഉണ്ടാകുന്നുണ്ടെങ്കിലും സീസണിന്റെ ആദ്യപകുതി അപേക്ഷിച്ച് രണ്ടാം പകുതിയിൽ മെസിയിൽ നിന്നും കൂടുതൽ സംഭാവന ലഭിക്കുന്നുണ്ടെന്നത് താരം ടീമുമായി ഇണങ്ങി വരുന്നതിന്റെ ലക്ഷണങ്ങളാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit