Football in Malayalam

അറ്റലാന്റ പരിശീലകൻ കായികമായി ആക്രമിക്കാൻ ശ്രമിച്ചു, ഇറ്റാലിയൻ ക്ലബ് വിട്ടതിന്റെ കാരണം വെളിപ്പെടുത്തി പപ്പു ഗോമസ്

Sreejith N
Argentina v Paraguay: Group A - Copa America Brazil 2021
Argentina v Paraguay: Group A - Copa America Brazil 2021 / Pedro Vilela/Getty Images
facebooktwitterreddit

മുഖ്യ പരിശീലകനായ ജിയാൻ പിയെറോ ഗാസ്‌പറിനി തന്നെ കായികമായി ആക്രമിക്കാൻ ശ്രമിച്ചതു കൊണ്ടാണ് കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ അറ്റലാന്റ വിട്ടതെന്ന് അർജന്റീന താരം അലെസാൻഡ്രോ പപ്പു ഗോമസ്. എഫ്‌സി മിഡ്‌ജ്യൂലാൻഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ഇടയിലാണ് ഈ സംഭവം നടന്നതെന്നും താരം വ്യക്തമാക്കി.

"മത്സരത്തിനിടയിലെ ഒരു തന്ത്രപരമായ തീരുമാനത്തിൽ ഞാൻ അദ്ദേഹത്തെ അനുസരിച്ചില്ല. ആദ്യ പകുതി അവസാനിക്കാൻ പത്തു മിനുട്ട് മാത്രം ശേഷിക്കെ അദ്ദേഹം എന്നോട് വലതു ഭാഗത്ത് കളിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഇടതു ഭാഗത്ത് നല്ല രീതിയിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അത്, ഞാൻ പറ്റില്ലെന്നു പറഞ്ഞു," ലാ നാസിയോണിനോട് സംസാരിക്കുമ്പോൾ ഗോമസ് പറഞ്ഞു.

"മത്സരത്തിനിടയിൽ, ടിവി ക്യാമറകൾ എല്ലാം ഉള്ള സമയത്ത് അങ്ങിനെ ചെയ്‌തത്‌ അദ്ദേഹത്തിനു വളരെ ദേഷ്യമുണ്ടാക്കി. ഹാഫ് ടൈമിനു ശേഷം അദ്ദേഹം എന്നെ പിൻവലിക്കുമെന്ന് എനിക്ക് അപ്പോൾ തന്നെ അറിയാമായിരുന്നു, അതു ചെയ്യുകയുമുണ്ടായി. എന്നാൽ ഹാഫ് ടൈമിൽ അദ്ദേഹം നിയന്ത്രണങ്ങൾ ലംഘിച്ച് എന്നെ കായികപരമായി ആക്രമിക്കാൻ ശ്രമിച്ചു," ഗോമസ് പറയുന്നു.

അതിനു ശേഷം അറ്റലാന്റ പ്രസിഡന്റിനെ കണ്ട താൻ സംഭവിച്ചതിനെല്ലാം മാപ്പു പറഞ്ഞുവെന്നും ഒരു നായകനെന്ന നിലയിൽ തന്റെ ഭാഗത്തു നിന്നും സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചുവെന്ന് സമ്മതിച്ചുവെന്നും ഗോമസ് പറഞ്ഞു. തന്നെ കായികമായി ആക്രമിക്കാൻ ശ്രമിച്ചതിന് ഗാസ്‌പറിനി മാപ്പു പറയണമെന്ന് താൻ ആവശ്യപ്പെട്ടതായും ഗോമസ് വെളിപ്പെടുത്തി.

പിറ്റേന്നു നടന്ന ടീം യോഗത്തിൽ പരിശീലകനോടും സഹതാരങ്ങളോടും താൻ സംഭവിച്ച കാര്യങ്ങളുടെ പേരിൽ മാപ്പു പറഞ്ഞുവെന്നും എന്നാൽ ഗാസ്‌പറിനി തന്നോട് മാപ്പു പറയാൻ തയ്യാറായില്ലെന്നും വെളിപ്പെടുത്തിയ ഗോമസ് അതിനു പിന്നാലെയാണ് താൻ ക്ലബ് വിടാനുള്ള തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.

റിസർവ് ടീമിനൊപ്പം പരിശീലനം നടത്തേണ്ടി വന്നതടക്കം ഏഴു വർഷം കളിച്ച ക്ലബിൽ നിന്നും അവസാന കാലഘട്ടത്തിൽ കയ്പ്പേറിയ അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഗോമസ് പറഞ്ഞു. അറ്റലാന്റ വിട്ട് സ്‌പാനിഷ്‌ ക്ലബായ സെവിയ്യയിലേക്ക് ചേക്കേറിയ താരം അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടവും നേടിയിരുന്നു.


facebooktwitterreddit