Real Madrid News

കരിം ബെൻസിമക്ക് ബാലൺ ഡി ഓർ നൽകണമെന്ന് ഓസിൽ

Sreejith N
Mesut Ozil Calls For Karim Benzema To Win The Ballon D'or
Mesut Ozil Calls For Karim Benzema To Win The Ballon D'or / Visionhaus/GettyImages
facebooktwitterreddit

ഈ സീസണിൽ റയൽ മാഡ്രിഡിന്റെ കുതിപ്പിനു പിന്നിലെ ചാലക ശക്തിയായി, തകർപ്പൻ ഫോമിൽ കളിക്കുന്ന കരിം ബെൻസിമക്ക് ബാലൺ ഡി ഓർ നൽകണമെന്ന് മുൻ റയൽ മാഡ്രിഡ് താരം മെസൂദ്‌ ഓസിൽ. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ താരം ഇരട്ടഗോളുകൾ നേടിയതിനു പിന്നാലെയാണ് ഓസിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ബെൻസിമ ബാലൺ ഡി ഓറിന് അർഹനാണെന്ന് അഭിപ്രായപ്പെട്ടത്.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മാത്രം പതിനാലു ഗോളുകൾ നേടിയ കരിം ബെൻസിമ അവസാനത്തെ നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും മാത്രം ഒൻപതു ഗോളുകൾ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ വരെയെത്താനും ആദ്യപാദ മത്സരം കഴിഞ്ഞപ്പോൾ ഫൈനൽ സാധ്യത നിലനിർത്താനും കഴിഞ്ഞത് ഫ്രഞ്ച് താരത്തിന്റെ ഗംഭീര പ്രകടനം കൊണ്ടു തന്നെയാണ്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദ മത്സരത്തിൽ റയൽ മാഡ്രിഡ് തോൽവി മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽവി വഴങ്ങിയെങ്കിലും രണ്ടാംപാദത്തിൽ തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷ നിലനിർത്തിയതിനു പിന്നിൽ ബെൻസിമയുടെ കാലുകളും ഉണ്ടായിരുന്നു. മത്സരത്തിൽ താരം നേടിയ ഇരട്ടഗോളുകളാണ് റയലിന്റെ തോൽവിയുടെ ഭാരം കുറച്ചത്.

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മത്സരം പൂർത്തിയായതിനു ശേഷമാണ് കരിം ബെൻസിമയെ ഓസിൽ പ്രശംസിച്ചത്. "എന്തൊരു മികച്ച മത്സരം! എന്റെ പയ്യനായ ബെൻസിക്ക്‌ ബാലൺ ഡി ഓർ നൽകൂ." നിലവിൽ തുർക്കിഷ് ക്ലബ് ഫെനർബാഷെയുടെ താരമായ ഓസിൽ ട്വിറ്ററിൽ കുറിച്ചു. റയൽ മാഡ്രിഡിൽ മുൻപ് ബെൻസിമക്കൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് ഓസിൽ.

ഈ സീസണിൽ ലാ ലീഗ കിരീടം ഉറപ്പിക്കുകയും ചാമ്പ്യൻസ് ലീഗിന്റെ സെമി വരെയെത്തുകയും ചെയ്‌ത റയൽ മാഡ്രിഡിന്റെ പ്രധാന താരമായ ബെൻസിമ അടുത്ത സീസണിൽ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയുണ്ട്. എന്നാൽ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കും ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടാൻ സാധ്യത നിലനിൽക്കുന്നതിനാൽ അതിലെ താരങ്ങൾ ബെൻസിമക്ക് ഭീഷണിയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit