Football in Malayalam

മത്സരത്തിൽ ഏതെങ്കിലും ഒരു ടീം ജയിച്ചിരുന്നെങ്കിൽ അത് ഞങ്ങളാകുമായിരുന്നു; ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം ഓവൻ കോയ്ൽ

Ali Shibil Roshan
Owen Coyle
Owen Coyle / Indian Super League
facebooktwitterreddit

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ 1-1ന്റെ സമനിലയിൽ കലാശിച്ച ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഏതെങ്കിലും ടീം ജയിച്ചിരുന്നെങ്കിൽ അത് തങ്ങളാകുമായിരുന്നു ജംഷെഡ്പൂർ എഫ്‌സി പരിശീലകൻ ഓവൻ കോയ്ൽ.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിന്റെ 14ആം മിനുറ്റിൽ ഗ്രെഗ് സ്റ്റുവാർട്ടിന്റെ മനോഹരമായ ഫ്രീ കിക്ക് ഗോളിലൂടെ മുന്നിലെത്തിയ ജംഷെഡ്പൂർ എഫ്‌സിയെ, 27 മിനുറ്റിൽ സഹൽ അബ്ദുൽ സമദ് നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തളച്ചത്. മത്സരത്തിൽ വിജയം കരസ്ഥമാക്കാൻ ബ്ലാസ്റ്റേഴ്സിനും ജംഷെഡ്പൂരിനും അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും, അവ മുതലാക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ജംഷെഡ്പൂർ പരിശീലകൻ കോയ്‌ൽ, ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ വഴങ്ങിയതിൽ തങ്ങൾ അല്പം നിരാശരാണെന്നും, മത്സരത്തിൽ ആരെങ്കിലും വിജയിച്ചിരുന്നെങ്കിലും അത് തങ്ങളാകുമായിരുന്നെന്നും അഭിപ്രായപ്പെട്ടു.

"രണ്ട് മികച്ച ടീമുകളുള്ള ഒരു മികച്ച മത്സരമായിരുന്നു ഇതെന്നാണ് ഞാൻ കരുതുന്നത്," മത്സരഫലം കൊണ്ട് തൃപ്തനാണോ എന്ന് ചോദിച്ചപ്പോൾ കോയ്ൽ പറഞ്ഞു.

"അവസരങ്ങൾ സൃഷ്‌ടിച്ച കാര്യത്തിൽ ഞങ്ങൾ അവരെ മറികടന്ന് എന്നാണ് എനിക്ക് തോന്നുന്നത്. നാലോ അഞ്ചോ (ഷോട്ടുകൾ) ഓൺ ടാർഗറ്റായ ഞങ്ങൾക്ക് ഗോൾ നേടാനുള്ള മികച്ച അവസരങ്ങൾ ഉണ്ടായിരുന്നു. ഗ്രെഗ് ഒരു മനോഹര ഗോൾ നേടി. മികച്ച താരങ്ങളുള്ള കേരള ഞങ്ങളെ കൗണ്ടർ-അറ്റാക്കിൽ പിടിച്ചു. അതിനാൽ, ഞങ്ങൾ അല്പം നിരാശരാണ്. പക്ഷെ മത്സരത്തിന്റെ കാര്യത്തിൽ, ആരെങ്കിലും മത്സരം ജയിക്കാൻ പോവുകയായിരുന്നുവെങ്കിൽ, അത് ഞങ്ങൾ തന്നെയാകുമെന്ന് എനിക്ക് തോന്നി," കോയ്ൽ കൂട്ടിച്ചേർത്തു.

അതേ സമയം, മത്സരത്തിലെ സമനിലയോടെ, 8 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുകളുമായി ജംഷെഡ്പൂർ ഐഎസ്എൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും, ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തുമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit