Football in Malayalam

ബാഴ്‌സലോണ ആരാധകർ കാത്തിരുന്ന വാർത്ത, ഒസ്മാനെ ഡെംബലെ ക്ലബുമായി കരാർ പുതുക്കും

Sreejith N
FC Barcelona v Elche CF - La Liga Santander
FC Barcelona v Elche CF - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

പ്രതിസന്ധിയിലൂടെ ഈ സീസണിൽ മുന്നോട്ടു പോകുന്ന ബാഴ്‌സലോണക്ക് ആശ്വാസമായി ഫ്രഞ്ച് മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെ ക്ലബുമായി പുതിയ കരാറൊപ്പിടാൻ സമ്മതം മൂളി. കാറ്റലൻ മാധ്യമമായ ഡിയാരിയോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന താരവുമായി പുതിയ കരാറിലെത്താൻ ബാഴ്‌സലോണ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം അഞ്ചു വർഷത്തേക്കാണ് ഇരുപത്തിനാലു വയസുള്ള താരം ബാഴ്‌സലോണയുമായി കരാർ പുതുക്കുക. ബാഴ്‌സലോണയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലാക്കി തന്റെ വേതനം കുറക്കാനും താരം സമ്മതിച്ചിട്ടുണ്ട്. വേതനബിൽ കുറക്കാനും പുതിയ താരങ്ങളെ ജനുവരിയിൽ സ്വന്തമാക്കാനും ബാഴ്‌സലോണയെ സഹായിക്കുന്ന തീരുമാനമാണത്.

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും വലിയ തുകയുടെ ട്രാൻസ്ഫറിൽ ബാഴ്‌സയിലേക്ക് ചേക്കേറിയ ഡെംബലെക്ക് പരിക്കു മൂലം തന്റെ ഏറ്റവും മികച്ച പ്രകടനം ഇതു വരെയും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. താരം ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും സാവി പരിശീലകനായി എത്തിയതോടെ അതിൽ മാറ്റങ്ങൾ വന്നു.

പരിശീലകനായി എത്തിയതിനു പിന്നാലെ തന്നെ ഡെംബലെക്ക് തന്റെ ടീമിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം ഉണ്ടാകുമെന്ന് സാവി പ്രഖ്യാപിച്ചിരുന്നു. ന്യൂകാസിൽ യുണൈറ്റഡ് അടക്കമുള്ള ടീമുകളിൽ നിന്നുള്ള വമ്പൻ ഓഫർ തഴഞ്ഞ് ബാഴ്‌സയിൽ തുടരാൻ ഡെംബലെ തീരുമാനിക്കാൻ കാരണം സാവി നൽകിയ ഉറപ്പു തന്നെയാണെന്നാണ് കരുതേണ്ടത്.

വേഗതയും ഡ്രിബ്ലിങ് മികവും ഗോളിലേക്ക് ലക്‌ഷ്യം വെക്കാനുള്ള കഴിവുമെല്ലാം ഒത്തിണങ്ങിയ ഡെംബലെക്ക് പരിക്കിന്റെ പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് ഉയരേണ്ടതായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന താരം കരാർ പുതുക്കുക അടുത്ത ആഴ്ചയായിരിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit