ബാഴ്‌സലോണ വിടാൻ തീരുമാനമെടുത്തത് ഡെംബലെ, താരത്തിനായി മൂന്നു ക്ലബുകൾ രംഗത്ത്

Granada CF v FC Barcelona - La Liga Santander
Granada CF v FC Barcelona - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

കരാർ പുതുക്കാതെ ബാഴ്‌സലോണയിൽ തുടർന്നാൽ ടീമിൽ അവസരങ്ങളുണ്ടാകില്ലെന്നു വ്യക്തമായതിനെ തുടർന്ന് ഡെംബലെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടാനൊരുങ്ങുന്നു. ഏജന്റായ മൂസ സിസോക്കോ വിന്റർ ജാലകം അടയ്ക്കുന്നതിന് മുൻപ് താരത്തിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് സ്‌പോർട് വ്യക്തമാക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം മൂന്നു ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരും ഫ്രഞ്ച് ലീഗ് ക്ലബായ പിഎസ്‌ജിയും ഡെംബലേക്കായി ശ്രമം നടത്തുന്നുണ്ട്. ന്യൂകാസിൽ യുണൈറ്റഡിനും താരത്തിൽ താൽപര്യമുണ്ടെങ്കിലും അത് ഡെംബലെ പരിഗണിക്കുന്നില്ലെന്നാണ് സൂചനകൾ.

ചെൽസി പരിശീലകനായ തോമസ് ടുഷെൽ ഡെംബലെയുടെ വലിയൊരു ആരാധനാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം താരത്തെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ റാൾഫ് റാങ്നിക്ക് 2016ൽ സാൽസ്ബർഗിലെത്തിക്കാൻ ശ്രമിച്ച താരവുമാണ് ഡെംബലെ.

അതേസമയം കിലിയൻ എംബാപ്പെ ക്ലബ് വിടുന്നതാണ് പിഎസ്‌ജി ഡെംബലെക്കു വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കാൻ കാരണം. എന്നാൽ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ, സ്കൈ സ്പോർട്സ് എന്നിവയുടെ റിപ്പോർട്ടുകൾ പറയുന്നത് താരം ഇംഗ്ലണ്ടിലേക്കു തന്നെ എത്തുമെന്നാണ്.

താരത്തെ സ്വന്തമാക്കുന്നത് ആരു തന്നെയായാലും അതിനു വളരെ കുറഞ്ഞ സമയം മാത്രമേ ബാക്കിയുള്ളൂ എന്നതാണ് വലിയ വെല്ലുവിളി. ഡെംബലെയുടെ ട്രാൻസ്‌ഫർ പൂർത്തിയായാലേ വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണക്ക് പുതിയ താരങ്ങളെ സ്വന്തമാക്കാനും കഴിയൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.