ബാഴ്സലോണക്ക് ഡെംബലെയുടെ മറുപടി, സാവിക്കെതിരെ പരോക്ഷമായ വിമർശനം


അത്ലറ്റിക് ബിൽബാവോക്കെതിരെ നടന്ന കോപ്പ ഡെൽ റേ മത്സരത്തിനുള്ള സ്ക്വാഡിൽ നിന്നും ഒഴിവാക്കപ്പെട്ട ഡെംബലെ കരാർ പുതുക്കാൻ തയ്യാറാവുന്നില്ലെങ്കിൽ ഉടൻ ക്ലബ് വിടണമെന്ന ബാഴ്സലോണ സ്പോർട്ടിങ് ഡയറക്റ്ററുടെ വാക്കുകൾക്കു മറുപടിയുമായി താരം രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് ഡെംബലെ ബാഴ്സലോണക്കു മറുപടി നൽകിയത്.
"നാലു വർഷത്തോളമായി ഞാൻ എന്നെ സംബന്ധിച്ചുള്ള കാര്യങ്ങൾ വായിക്കുന്നതു നിർത്തിയിട്ടില്ല. വർഷങ്ങളായി ഗോസിപ്പുകൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. എന്നെ വേദനിപ്പിക്കാൻ വേണ്ടി ഒരു നാണവുമില്ലാതെ ആളുകൾ നുണകൾ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇതുവരെ ഞാനത് ഒഴിവാക്കിയിരുന്നു. അതൊരു തെറ്റാണോ? അതെ, ഇന്നു മുതൽ ഞാനതിനു മറുപടി പറയും."
"ഇരുപത്തിനാലു വയസുള്ള എനിക്ക് എല്ലാവരെയും പോലെ കുറവുകളും കുറ്റങ്ങളുമുണ്ട്. വിഷമകരമായ നിമിഷങ്ങളിലും പരിക്കുകളിലും ഞാൻ ജീവിച്ചു. കോവിഡ് എന്നെ ബാധിച്ചതിനു ശേഷം ഒരു ചെറിയ പരിശീലനവും കൂടാതെ മിസ്റ്റർ എന്നോട് കളിക്കാൻ ആവശ്യപ്പെട്ടു. ഞാനത് എല്ലായിപ്പോഴത്തെയും പോലെ പരാതിപ്പെടാതെ അനുസരിച്ചു."
"ലോകത്തിലെ ഏറ്റവും മനോഹരമായ ജോലിക്കായി എന്നെത്തന്നെ സമർപ്പിക്കാൻ കഴിഞ്ഞ ഭാഗ്യത്തെക്കുറിച്ച് എനിക്ക് പൂർണമായി അറിയാം. എന്റെ സന്ദേശം സുതാര്യവുമാണ്. ഞാൻ സ്പോർട്സ് പ്രോജെക്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന ധാരണ തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നു."
"എനിക്കില്ലാത്ത ഉദ്ദേശങ്ങൾ ഉണ്ടെന്നു പറയുന്നതിനെ ഞാൻ നിഷേധിക്കുന്നു. എന്നെ സംബന്ധിച്ചും ഞാൻ മുഴുവനായും വിശ്വസിക്കുന്ന എന്റെ ഏജന്റിനെ സംബന്ധിച്ചും ആരു പറയുന്നതും ഞാൻ തടയുന്നു. എന്റെ ക്ലബിനും പരിശീലകനും ഒപ്പമുള്ള കാര്യങ്ങളിൽ ഞാൻ പൂർണമായും ഉൾപ്പെട്ടിരിക്കുന്നു."
"എന്റെ സഹതാരങ്ങൾക്കും സാമൂഹ്യമാധ്യമങ്ങളിൽ പിന്തുടരുന്ന വ്യക്തികൾക്കും ഞാൻ എല്ലാം നൽകും. അതു ഞാൻ മാറ്റാൻ പോകുന്നില്ല. ഞാൻ വഞ്ചിക്കുന്നയാളല്ല. ബ്ലാക്ക് മെയിൽ ചെയ്യുന്ന ശീലവുമില്ല."
"നിങ്ങൾക്കറിയുന്നതു പോലെ തന്നെ കരാർ ചർച്ചകൾ നടക്കുന്നുണ്ട്. ഏജന്റാണത് കൈകാര്യം ചെയ്യുന്നത്, അതവരുടെ മേഖല തന്നെയാണ്. എന്റെ ജോലി പന്തിലാണ്, അതുകൊണ്ടു കളിക്കുക എന്നതാണ്, സഹതാരങ്ങളുമായും മറ്റംഗങ്ങളുമായി സന്തോഷത്തിന്റെ നിമിഷങ്ങൾ പങ്കിടുക എന്നതാണ്. അതിലുപരിയായി വിജയമെന്ന നിർണായകമായ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക." ഡെംബലെ പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയിൽ പരിശീലകനായ സാവിക്കു നേരെ ഡെംബലെ പരോക്ഷമായ വിമർശനം നടത്തിയിട്ടുണ്ട്. കോവിഡ് ഭേദമായതിനു ശേഷം പരിശീലനം പോലും നടത്താതെ കളിക്കാൻ സാവി ആവശ്യപ്പെട്ടുവെന്ന് താരത്തിന്റെ ഏജന്റും ദിവസങ്ങൾക്കു മുൻപേ വിമർശനം ഉന്നയിച്ചിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.