"അതെല്ലാം അഭ്യൂഹങ്ങൾ മാത്രം"- ബാഴ്‌സലോണ വിടുമെന്ന വാർത്തകളിൽ പ്രതികരിച്ച് ഒസ്മാനെ ഡെംബലെ
By Sreejith N

ഫ്രഞ്ച് മുന്നേറ്റനിരതാരമായ ഒസ്മാനെ ഡെംബലെയുടെ ഭാവി ഇപ്പോഴും സങ്കീർണമായി തുടരുകയാണ്. ജൂണിൽ ബാഴ്‌സലോണ കരാർ അവസാനിക്കുന്ന താരം ഇതുവരെയും ക്ലബുമായി കരാർ പുതുക്കാൻ സമ്മതം മൂളിയിട്ടില്ല. കരാർ പുതുക്കാൻ ബാഴ്‌സലോണ മുന്നോട്ടു വെച്ച ഓഫറുകളും ഇതുവരെയും ഫ്രഞ്ച് താരത്തിന് സ്വീകാര്യമായിട്ടില്ല.
ഡെംബലെയുടെ ഭാവി എന്താകുമെന്നാണ് ആരാധകർക്കും അറിയേണ്ടത്. നേരത്തെ താരം പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ചെൽസിയെയും ഡെംബലെയും ചേർത്താണ് ട്രാൻസ്‌ഫർ വാർത്തകൾ കൂടുതൽ വരുന്നത്. എന്നാൽ അതെല്ലാം വെറും അഭ്യൂഹങ്ങളാണ് എന്നാണ് താരം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
Un de nos followers nous a envoyé ça. #Dembele 🇫🇷 pic.twitter.com/kTV0uTr61M
— Actualité - Barça (@ActualiteBarca) June 18, 2022
ആക്ച്വലൈറ്റ് ബാഴ്‌സയെന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത വീഡിയോ പ്രകാരം ഒരു ആരാധകൻ ട്രാഫിക് സിഗ്നലിൽ വെച്ചാണ് ബാഴ്‌സലോണയിലെ ഭാവിയെക്കുറിച്ച് ഡെംബലെയോട് സംശയം ചോദിക്കുന്നത്. എന്നാൽ ബാഴ്‌സലോണയിൽ താൻ വളരെ സംതൃപ്‌തനാണെന്നും ഇംഗ്ലീഷ് ക്ലബിലേക്കുള്ള ട്രാൻസ്‌ഫർ വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് ഡെംബലെ പറഞ്ഞത്.
കഴിഞ്ഞ സീസണിൽ സാവി പരിശീലകനായി എത്തിയതിനു ശേഷം മിന്നുന്ന പ്രകടനം നടത്തിയ ഡെംബലെയുടെ കരാർ പുതുക്കാൻ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സക്ക് തടസം സൃഷ്‌ടിക്കുന്നത്. എന്നാൽ അതിനെ മറികടക്കാൻ മുന്നോട്ടു വെച്ച പദ്ധതികൾ ബാഴ്‌സലോണ അസംബ്ലി അംഗീകരിച്ചതോടെപുതിയ താരങ്ങളെ സ്വന്തമാക്കുമെന്നും നിലവിലുള്ള താരങ്ങളുടെ കരാർ പുതുക്കുമെന്നും ആരാധകർക്ക് പ്രതീക്ഷയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.