ഡെംബലെയെ സ്വന്തമാക്കാനുള്ള തീരുമാനത്തിൽ നിന്നും പിഎസ്‌ജി പുറകോട്ടു പോകുന്നു
By Sreejith N

ഒരു മാസത്തോളം മാത്രം ബാഴ്‌സലോണയുമായി കരാർ ബാക്കി നിൽക്കുന്ന ഫ്രഞ്ച് വിങ്ങറായ ഒസ്മാനെ ഡെംബലെയെ കരാർ പുതുക്കി നിലനിർത്താനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ തുടർന്നു കൊണ്ടിരിക്കുന്നതിനിടെ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കത്തിൽ നിന്നും പിഎസ്‌ജി പുറകോട്ടു പോവുകയാണെന്ന് റിപ്പോർട്ടുകൾ. ലെ പാരിസിയന്റെ റിപ്പോർട്ടുകൾ പ്രകാരം ഡെംബലെയുടെ ട്രാൻസ്‌ഫറിനു പിഎസ്‌ജി നിലവിൽ പരിഗണന നൽകുന്നില്ല.
അടുത്ത സീസണു മുന്നോടിയായി പിഎസ്‌ജിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഇതിൽ ഏറ്റവും പ്രധാനം ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ലിയനാർഡോയും പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയും പുറത്തു പോകുമെന്നതാണ്. ലിയനാർഡോക്ക് പകരക്കാരനായി എത്താൻ സാധ്യതയുള്ള ലൂയിസ് കാമ്പോസിന് ഡെംബലെയെ സ്വന്തമാക്കാൻ താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡെംബലെയെ സ്വന്തമാക്കിയാൽ അതു പിഎസ്‌ജിക്ക് ഗുണം ചെയ്യില്ലെന്ന നിലപാടുള്ള കാമ്പോസ് അടുത്ത സീസണിലെ പദ്ധതികളിൽ ഫ്രഞ്ച് താരത്തെ പരിഗണിക്കുന്നില്ല. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഡെംബലെയെ സ്വന്തമാക്കിയാൽ തന്നെ സൈനിങ് ഫീസ് അടക്കം യാതൊരു ട്രാൻസ്‌ഫർ ഫീസും നൽകാതെയുള്ള നീക്കങ്ങളിൽ മാത്രമേ ലൂയിസ് കാമ്പോസിനു താൽപര്യമുള്ളൂ.
താരം പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ചു നിൽക്കുന്ന സമയത്ത് വരുന്ന ഈ റിപ്പോർട്ടുകൾ ബാഴ്‌സലോണക്ക് വളരെയധികം ആശ്വാസം നൽകുന്നതാണ്. ഈ സീസണിൽ ബാഴ്‌സലോണയെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ ബാഴ്‌സലോണക്ക് തുടരാൻ കഴിയും.
അതേസമയം സാവി പരിശീലകനായി എത്തിയതിനു ശേഷം ഡെംബലെ നടത്തിയ മികച്ച പ്രകടനം കൊണ്ടു തന്നെ താരത്തെ സ്വന്തമാക്കാൻ യൂറോപ്പിലെ മറ്റു ക്ലബുകൾ ശ്രമം നടത്തുമെന്ന കാര്യം തീർച്ചയാണ്. നിലവിൽ ചെൽസിയാണ് ഡെംബലെയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുള്ള മറ്റൊരു ക്ലബ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.