Football in Malayalam

"മെസിയുള്ളപ്പോൾ എതിരാളികൾക്കു കൂടുതൽ ഭയമുണ്ടായിരുന്നു"- ബാഴ്‌സയുടെ നിരാശപ്പെടുത്തുന്ന സമനിലയെക്കുറിച്ച് കൂമാൻ

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ഈ സീസണിലെ രണ്ടാമത്തെ ലീഗ് മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോക്കെതിരെ സമനില വഴങ്ങിയതിനു പിന്നാലെ ബാഴ്‌സലോണയിൽ മെസിയുടെ അഭാവത്തെക്കുറിച്ചു പറഞ്ഞ് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. മെസി കളിക്കളത്തിൽ ഇറങ്ങുമ്പോൾ ടീമിന് കൂടുതൽ കരുത്തും എതിരാളികൾക്ക് കൂടുതൽ ഭയവും ഉണ്ടാകുമായിരുന്നുവെന്ന് കൂമാൻ പറഞ്ഞു.

അത്ലറ്റികോ ബിൽബാവോയുടെ മൈതാനത്തു വെച്ചു നടന്ന മത്സരത്തിൽ ആതിഥേയർക്കു തന്നെയായിരുന്നു മുൻ‌തൂക്കം. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്ത ടീം ബാഴ്‌സലോണ പ്രതിരോധത്തിന് തലവേദന സമ്മാനിക്കുകയും മത്സരത്തിൽ മുന്നിലെത്തുകയും ചെയ്‌തിരുന്നു. എഴുപത്തിയഞ്ചാം മിനുട്ടിൽ മെംഫിസ് ഡീപേയ് നേടിയ ഗോളാണ് ബാഴ്‌സയ്ക്ക് സമനില നേടിക്കൊടുത്തത്.

"എല്ലായിപ്പോഴും ഒരേ കാര്യം തന്നെ പറയുന്നതിൽ എനിക്കു താൽപര്യമില്ല, എന്നാൽ നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച താരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മെസി ഉണ്ടായിരുന്ന സമയത്ത് എതിരാളികൾക്കു കൂടുതൽ ഭയമുണ്ടായിരുന്നു. ഞങ്ങളെ സംബന്ധിച്ച് മെസിക്കൊരു പാസ് നൽകിയാൽ അദ്ദേഹം പന്ത് നഷ്ടപ്പെടുത്താറില്ല. മെസി ഇവിടെയില്ലെന്നു നിങ്ങൾക്കു പറയാം, അതു മാറ്റാനാവില്ലെന്നു ഞങ്ങൾക്കും." കൂമാൻ പറഞ്ഞു.

"പല കാര്യങ്ങൾ വെച്ചു നോക്കുമ്പോഴും ഇതൊരു മികച്ച മത്സരമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ഞങ്ങൾ തന്നെയാണ് ഞങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയത്. ഞങ്ങളെ അവർ നല്ല രീതിയിൽ പ്രസ് ചെയ്‌തു. ചെറിയ പാസിംഗും കീപ്പറിൽ നിന്നും ആരംഭിക്കുന്ന നീക്കങ്ങളും എപ്പോൾ തുടങ്ങണമെന്ന് ഞങ്ങൾ മനസിലാക്കണം. ആദ്യത്തെ പതിനഞ്ചു മിനുട്ട് ഞങ്ങൾ വേണ്ടത്ര സമാധാനത്തോടു കൂടിയല്ല കളിച്ചത്." കൂമാൻ പറഞ്ഞു.

വളരെ മികച്ച പ്രകടനം നടത്തിയ അത്‌ലറ്റിക് ബിൽബാവോ ടീമിനെതിരെ, ബുദ്ധിമുട്ടേറിയ അവരുടെ മൈതാനത്ത് നടന്ന മത്സരത്തിൽ നേടിയ സമനില നിരാശപ്പെടുത്തുന്ന ഫലമല്ലെന്നും കൂമാൻ അഭിപ്രായപ്പെട്ടു. മത്സരത്തിനു മുൻപ് മുത്തച്ഛൻ മരിച്ചുവെന്നറിഞ്ഞിട്ടും കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തിയ എറിക് ഗാർസിയയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.

facebooktwitterreddit