Transfers

ഡി ജോംഗിനായി ബാഴ്‌സലോണ ഓഫറുകൾ സ്വീകരിക്കും, ടീമിലെ ആറു താരങ്ങളെ വിൽക്കാൻ പദ്ധതിയില്ല

Sreejith N
Only Six Players Are Untouchable At Barcelona
Only Six Players Are Untouchable At Barcelona / PAU BARRENA/GettyImages
facebooktwitterreddit

നെതർലൻഡ്‌സ് മധ്യനിര താരമായ ഫ്രാങ്കീ ഡി ജോംഗിനായി ഓഫറുകൾ വന്നാൽ ബാഴ്‌സലോണ അതു സ്വീകരിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ. അറുപതു മില്യൺ യൂറോയിൽ തുടങ്ങുന്ന ഓഫറുകൾ താരത്തിനായി വന്നാൽ അതു ബാഴ്‌സ പരിഗണിക്കുമെന്നാണ് ഗോൾ വ്യക്തമാക്കുന്നത്. അതേസമയം ടീമിലെ ആറു താരങ്ങൾക്കായി യാതൊരു ഓഫറും ബാഴ്‌സലോണ സ്വീകരിക്കില്ല.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സക്ക് അടുത്ത സീസണിൽ കിരീടത്തിനായി പൊരുതാൻ പുതിയ താരങ്ങൾ വേണം എന്നിരിക്കെ നിലവിലുള്ള താരങ്ങളെ ഒഴിവാക്കേണ്ടത് അനിവാര്യവുമാണ്‌. ഇതിന്റെ ഭാഗമായാണ് നിലവിൽ ഏറ്റവുമധികം ട്രാൻസ്‌ഫർ ഫീസ് കിട്ടാൻ സാധ്യതയുള്ള ഫ്രാങ്കീ ഡി ജോംഗിനെ വിൽക്കുന്ന കാര്യം ബാഴ്‌സലോണയുടെ പരിഗണനയിലുള്ളത്.

2019ൽ അയാക്‌സിൽ നിന്നും ബാഴ്‌സലോണ സ്വന്തമാക്കിയ ഡി ജോംഗിന്റെ കരാർ 2026 വരെയുണ്ടെന്നിരിക്കെ താരത്തിന് നല്ലൊരു ഫീസ് ആവശ്യപ്പെടാൻ ബാഴ്‌സക്ക് കഴിയും. ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം അറുപതു മില്യൺ യൂറോയിൽ തുടങ്ങുന്ന ഏതൊരു ഓഫറും ബാഴ്‌സ പരിഗണിക്കാൻ താൽപര്യപ്പെടുന്നു. ടീമിൽ നിന്നും ഒഴിവാക്കാൻ കഴിയുന്ന താരങ്ങളുടെ പട്ടികയിലാണ് ഡി ജോംഗെന്നത് താരത്തിനായി രംഗത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷയാണ്.

അതേസമയം ആറു താരങ്ങളെ ഒരു കാരണവശാലും ടീമിൽ നിന്നും വിട്ടു കൊടുക്കാനോ അവർക്കായുള്ള ഓഫറുകൾ പരിഗണിക്കാനോ ബാഴ്‌സലോണക്ക് താൽപര്യമില്ല. ഫാറ്റി, പെഡ്രി, ഗാവി, ഫെറൻ ടോറസ്, അറഹോ, എറിക് ഗാർസിയ തുടങ്ങിയ താരങ്ങളെ ക്ലബിന്റെ ഭാവിയായാണ് ബാഴ്‌സ കരുതുന്നത്. അതിനാൽ തന്നെ ഈ താരങ്ങളെ ഒരു കാരണവശാലും ബാഴ്‌സ ഒഴിവാക്കില്ല.

നേരത്തെ ഫ്രാങ്കീ ഡി ജോംഗും ഇത്തരത്തിലായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്‌സയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഡി ജോംഗിനു പുറമെ ബാഴ്‌സ സ്‌ക്വാഡിലുള്ള എൺപതു ശതമാനത്തോളം താരങ്ങൾക്കായുള്ള ഓഫറുകളും ബാഴ്‌സലോണ പരിഗണിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit